ഗ്രൂപ്പ് കളി വേണ്ട, സന്ദീപ് വാര്യർക്കെതിരെ തൃക്കരിപ്പൂരിൽ പ്രതിഷേധം ഇരമ്പുന്നു, വാട്സാപ്പ് ഗ്രൂപ്പ് പിരിച്ചുവിട്ടു

 
sannn

തൃക്കരിപ്പൂർ: കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിനെ പിന്തുണച്ച സന്ദീപ് വാര്യർക്കെതിരെ തൃക്കരിപ്പൂർ മണ്ഡലത്തിലെ യുഡിഎഫ് പ്രവർത്തകർക്കിടയിൽ കടുത്ത പ്രതിഷേധം. മണ്ഡലം യുഡിഎഫ് ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ സന്ദീപ് വാര്യർക്കെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം ഉയർന്നതോടെ ഗ്രൂപ്പ് തന്നെ പിരിച്ചുവിടേണ്ടി വന്നു.

കെ.സി. വേണുഗോപാൽ പക്ഷത്തെ പിന്തുണയ്ക്കുന്ന ചിത്രങ്ങളും വിവരങ്ങളും പുറത്തുവന്നതാണ് പ്രവർത്തകരെ ചൊടിപ്പിച്ചത്. സീറ്റ് നൽകിയ കെ.സിയോട് സന്ദീപിന് നന്ദിയുണ്ടാകാം, എന്നാൽ തകർന്നുപോയ മുന്നണിയെ വിജയത്തിലേക്ക് നയിച്ച വി.ഡി. സതീശനോടാണ് തങ്ങൾക്ക് കടപ്പാടെന്നാണ് പ്രവർത്തകർ വാട്സാപ്പ് ഗ്രൂപ്പിൽ പ്രതികരിച്ചത്. സന്ദീപ് വാര്യർ മത്സരിച്ചത് കോൺഗ്രസ് സ്ഥാനാർഥിയായിട്ടാണെന്നും അല്ലാതെ കെ.സിയുടെ വ്യക്തിപരമായ സ്ഥാനാർത്ഥിയായിട്ടല്ലെന്നും ഗ്രൂപ്പിൽ വിമർശനം ഉയർന്നു.

'വിജയിച്ചതിന് ശേഷം ഗ്രൂപ്പ് കളിച്ച് അധികാരത്തിലേക്ക് എത്താൻ ഉളുപ്പില്ലേ' എന്നതടക്കമുള്ള കടുത്ത ചോദ്യങ്ങളാണ് പ്രവർത്തകർ ഉന്നയിച്ചത്. പ്രതിഷേധം നിയന്ത്രിക്കാനാവാതെ വന്നതോടെയാണ് വാട്സാപ്പ് ഗ്രൂപ്പ് അഡ്മിൻ പിരിച്ചുവിട്ടത്. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിലാണ് ഗ്രൂപ്പ് പിരിച്ചുവിട്ടതെന്നാണ് ഇതിന് നൽകുന്ന ഔദ്യോഗിക വിശദീകരണം.

തൃക്കരിപ്പൂരിന്റെ മണ്ണിൽ ഗ്രൂപ്പ് കളി അനുവദിക്കില്ലെന്നും വോട്ടർമാരുടെ രോഷം സന്ദീപ് വാര്യർ തിരിച്ചറിയണമെന്നും പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.

വളഞ്ഞ വഴിയിലൂടെ നേതൃത്വം ഏറ്റെടുക്കാൻ ശ്രമിക്കുന്നവർക്കെതിരെ ജാഗ്രത പാലിക്കണമെന്നും കെ.സിക്കെതിരെയുള്ള നീക്കങ്ങളെ പിന്തുണയ്ക്കില്ലെന്നും പ്രവർത്തകർ ഗ്രൂപ്പിൽ കുറിച്ചു. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തൃക്കരിപ്പൂരിലെ കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് പോര് മറനീക്കി പുറത്തുവന്നത് നേതൃത്വത്തിന് വലിയ തലവേദനയായിരിക്കുകയാണ്.

Tags

Share this story

From Around the Web