മുൻ മുഖ്യമന്ത്രി വിഎസിൻ്റെ ആരോഗ്യനിലയിൽ മാറ്റമില്ല, അണുബാധ കുറയ്ക്കാൻ മരുന്നുകൾ നൽകുന്നു

പട്ടം എസ്‌യുടി ആശുപത്രിയിൽ ചികിത്സയിലുള്ള വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും ആരോഗ്യനിലയിൽ മാറ്റമില്ല.
വിവിധ വകുപ്പുകളിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘം യോഗം ചേർന്ന് ആരോഗ്യസ്ഥിതി വിലയിരുത്തുന്നുണ്ട്. അണുബാധ കുറയ്ക്കാൻ മരുന്നുകൾ നൽകുന്നുണ്ട്.
ഒന്നിടവിട്ട ദിവസങ്ങളിൽ നൽകി വരുന്ന ഡയാലിസിസ് ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഇടക്കിടെ നിർത്തി വെക്കുകയാണ്.
ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ മാസം 23നാണ് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനാൽ കഴിഞ്ഞദിവസം രണ്ടുതവണ ഡയാലിസിസ് നിർത്തിവെയ്‌ക്കേണ്ടി വന്നിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന മെഡിക്കൽ ബുള്ളറ്റ് പ്രകാരം വിഎസിൻ്റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ട് എന്നതടക്കമുള്ള വിവരങ്ങളാണ് ഡോക്ടർമാർ അറിയിച്ചിരുന്നത്. ആരോഗ്യ വിദഗ്‌ധരുടെ സേവനവും ആശുപത്രിയിൽ സജ്ജമാക്കിയിട്ടുണ്ട്.
എസ്‌യുടി ആശുപത്രിയിലെ ഡോക്ടർമാർക്ക് പുറമേ, മെഡിക്കൽ കോളേജിലുള്ള ഏഴ് വിദഗ്‌ധ ഡോക്ടർമാരും വിഎസിൻ്റെ ആരോഗ്യനില നിരീക്ഷിക്കുന്നുണ്ട്. നിലവിലെ ചികിത്സ തുടരാനാണ് മെഡിക്കൽ ബോർഡ് നിർദേശം നൽകിയത്.