ഓള്‍ പാസില്‍ യോജിപ്പില്ല, കുട്ടികള്‍ സ്കൂളിലേക്ക് മൊബൈൽ കൊണ്ടുവരുന്നത് നിരോധിക്കുന്നത് ആലോചനയില്‍: വി. ശിവന്‍കുട്ടി
Aug 4, 2025, 11:46 IST

കൊച്ചി: ഒന്നാം ക്ലാസ് മുതൽ ഒന്‍പത് വരെ സമ്പൂർണ വിജയത്തിൽ യോജിപ്പില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ രംഗത്തെ വിദ്യാഭ്യാസ കച്ചവടം അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഒന്നാം ക്ലാസിൽ പ്രവേശനത്തിന് സംഭാവന അംഗീകരിക്കില്ലെന്നും മന്ത്രി അറിയിച്ചു. അടുത്ത വർഷം മുതൽ അൺ എയ്ഡഡ് വിദ്യാലയങ്ങളിലെ പാഠ്യപദ്ധതി ഏകീകരിക്കും. അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യത പരിശോധന വിധേയമാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
വിദ്യാർഥികൾ സ്കൂളിലേക്ക് മൊബൈൽ ഫോൺ കൊണ്ടുവരുന്നത് നിരോധിക്കുന്നത് ആലോചനയിലാണെന്നും മന്ത്രി അറിയിച്ചു. സ്കൂള്‍ വേനല്‍ അവധിക്കാലം മാറ്റുന്നതില്‍ ചർച്ച മുന്നോട്ടുവെച്ചതിന് പിന്നാലെയാണ് പുതിയ ആശയങ്ങള്‍ വിദ്യാഭ്യാസ മന്ത്രി അവതരിപ്പിച്ചിരിക്കുന്നത്.