നിതിൻ രാജിന്റെ മരണം: ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി

 
VEENA

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവത്തിൽ ആരോഗ്യ സർവകലാശാല എൻക്വയറി നടപടി ആരംഭിച്ചു. പൊലീസ് സ്വീകരിക്കുന്ന നടപടികൾ കൂടാതെയാണിതെന്നും വീണാ ജോർജ് വ്യക്തമാക്കി. ജാതി അധിക്ഷേപങ്ങളും പീഡനങ്ങളും ക്യാംപസുകളിൽ അനുവദിച്ചു കൂടാ എന്നും വീണാ ജോർജ് പറ‍ഞ്ഞു.

നിതിൻ രാജിന്‍റെ മരണം ഞെട്ടിക്കുന്നതും അങ്ങേയറ്റം വേദനാജനകവുമാണ്. ഉത്തരവാദികളായവർക്കെതിരെ കർശന നിയമ നടപടികൾ ഉണ്ടാകും. പൊലീസ് സ്വീകരിക്കുന്ന നടപടികൾ കൂടാതെ കേരള ആരോഗ്യ സർവകലാശാല എന്‍ക്വയറി കമ്മിറ്റി നടപടികൾ ആരംഭിച്ചിട്ടുണ്ട്. നിയമപരമായി സ്വീകരിക്കേണ്ട എല്ലാ നടപടികളും കര്‍ശനമായി ഉറപ്പാക്കപ്പെടും. ആ കുടുംബത്തിന്റെ ദു:ഖത്തിന്റെയും നഷ്ടത്തിന്റെയും ആഴം വലുതാണെന്നും ആരോ​ഗ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു

നിതിൻ രാജ് രണ്ടാമത്തെ രോഹിത് വെമുലയാണെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. കേരളത്തിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നു എന്നത് സംശയം ഉയർത്തുന്നുണ്ട്. ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് മാതാപിതാക്കൾ പറയുന്നത്. ആത്മഹത്യ ആണോ എന്ന് ബന്ധുക്കൾക്ക് സംശയമുണ്ട്. വിശദമായ അന്വേഷണത്തിലൂടെ സത്യം പുറത്തു വരണം. യഥാർഥ പ്രതികൾ രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാകരുതെന്നും അ​ദ്ദേ​ഹം പറഞ്ഞു.

ലോൺ ആപ്പിൽ നിന്നും പണം എടുത്തത് ജീവനൊടുക്കാൻ കാരണമല്ലെന്നും അദ്ദേഹം പറഞ്ഞു. ദുരൂഹത നിറഞ്ഞ സംഭവമാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ തന്നെ പറയുന്നുണ്ട്. സിദ്ധാർത്ഥിന്റെ മരണം കേരളത്തെ ഞെട്ടിപ്പിക്കുന്നതായിരുന്നു. കോടതി പോലും ആ കാര്യത്തിൽ സ്വീകരിച്ച സമീപനം ശരിയായിരുന്നില്ല. സമാനമായ സംഭവമാണ് ഇവിടെയും നടന്നത്. ജാതി അധിക്ഷേപം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും എല്ലാ നിയമസഹായവും കോൺഗ്രസ് ഉറപ്പാക്കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.

Tags

Share this story

From Around the Web