നിതിൻ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കേസെടുത്ത കമ്മീഷൻ, ഒരാഴ്ചയ്ക്കകം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദേശം നൽകി. അധ്യാപകരിൽ നിന്നേറ്റ ക്രൂരമായ ജാതി അധിക്ഷേപവും മാനസിക പീഡനവുമാണ് വിദ്യാർഥിയുടെ മരണത്തിന് കാരണമെന്ന ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി.
ഉച്ചയ്ക്ക് രണ്ടു മണിക്കാണ് കോളജ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. പെയിന്റിങ് തൊഴിലാളിയായ രാജന്റെയും തൊഴിലുറപ്പ് തൊഴിലാളി ലതയുടെയും മകനാണ് നിതിൻ. നിറത്തിന്റെയും ജാതിയുടെയും പേരിൽ അധ്യാപകർ നിതിനെ നിരന്തരം അധിക്ഷേപിച്ചിരുന്നതായും 'തെരുവ് പട്ടി' എന്ന് വിളിച്ച് അപമാനിച്ചിരുന്നതായും സഹോദരി മാധ്യമങ്ങളോട് പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഉഴമലയ്ക്കലിലെ വീട്ടിലെത്തിച്ച നിതിന്റെ മൃതദേഹത്തിൽ നൂറുകണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അർപ്പിച്ചത്.
കോളജിലെ അധ്യാപകർക്കെതിരെ കുടുംബം ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് നിതിൻ രാജിന്റെ പുറത്തുവന്ന ശബ്ദസന്ദേശം. നിറത്തിന്റെയും ജാതിയുടെയും പേരിൽ അധ്യാപകർ വിഡ്ഢിയെന്നും പട്ടിയെന്നും വിളിച്ച് അധിക്ഷേപിച്ചുവെന്നും, മറ്റു വിദ്യാർഥികളുടെ മുൻപിൽ വെച്ച് നിരവധി തവണ അപമാനിച്ചുവെന്നും ശബ്ദരേഖയിലുണ്ട്. അകാരണമായി ഇന്റേണൽ മാർക്ക് കുറച്ചു. അധിക്ഷേപത്തെ ചോദ്യം ചെയ്തപ്പോൾ കയ്യും കാലും തല്ലിയൊടിക്കുമെന്ന് ഒരു അധ്യാപകൻ ഭീഷണിപ്പെടുത്തിയ വിവരവും പുറത്തുവന്ന സന്ദേശത്തിലുണ്ട്.