“നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം നടപ്പാക്കും, മൂന്നുദിവസത്തേക്ക് മാധ്യമ വാര്‍ത്തകള്‍ വിലക്കണം”; സുപ്രീം കോടതിയില്‍ ഹർജിയുമായി കെ.എ. പോള്‍

 
nimisha

ന്യൂഡല്‍ഹി: യെമനില്‍ തടവില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം നടപ്പാക്കുമെന്ന് സുവിശേഷകനും ഗ്ലോബല്‍പീസ് ഇനിഷ്യേറ്റീവ് സ്ഥാപകനുമായ കെ.എ. പോള്‍ സുപ്രീം കോടതിയില്‍. ചര്‍ച്ചകള്‍ക്കായി മൂന്നുദിവസത്തേക്ക് മാധ്യമ വാര്‍ത്തകള്‍ വിലക്കണമെന്ന് ആവശ്യപ്പെട്ട് പോള്‍ സുപ്രീം കോടതിയില്‍ പൊതുതാല്‍പ്പര്യ ഹർജി നല്‍കി. ഹർജിയില്‍ കോടതി നോട്ടീസ് അയച്ചു.

ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഓഗസ്റ്റ് 24 അല്ലെങ്കിൽ 25 തീയതികളിൽ നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധിക്കും. മൂന്ന് ദിവസത്തേക്ക് ഈ കേസിനെക്കുറിച്ചുള്ള സംസാരങ്ങള്‍ ഒഴിവാക്കണം. ഇത് നിമിഷ പ്രിയയുടെ അപേക്ഷയാണെന്നും പോള്‍ ഹർജിയില്‍ പറയുന്നു.

“യെമനിൽ സൂക്ഷ്മമായ ചർച്ചകൾ പുരോഗമിക്കുകയാണ്. അഭിഭാഷകനായ സുഭാഷ് ചന്ദ്രനും അദ്ദേഹത്തിന്റെ കൂട്ടാളികളും, കാന്തപുരവും പോലുള്ള വ്യക്തികൾ തങ്ങൾ പണം നൽകിയെന്നാണ് പറയുന്നത്. അവരിൽ ചിലർ തങ്ങള്‍ ചർച്ച നടത്തിയെന്നും പറയുന്നു. ഞാൻ അവരെ ഒരിക്കലും കണ്ടിട്ടില്ല, എനിക്ക് അവരുമായി ഒരു ബന്ധവുമില്ല, അവരിൽ നിന്ന് ഒരു ഡോളർ പോലും എനിക്ക് ലഭിച്ചിട്ടില്ല,” കെ.എ. പോള്‍ കോടതിയെ അറിയിച്ചു.

നേരത്തെ, നിമിഷ പ്രിയയ്ക്കായി കേന്ദ്ര സർക്കാർ പണം ശേഖരിക്കുന്നുവെന്ന കെ.എ. പോളിന്റെ പ്രചാരണം വ്യാജമാണെന്ന് കാട്ടി കേന്ദ്ര വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു. നിമിഷ പ്രിയയുടെ മോചനത്തിന് കേന്ദ്രസർക്കാരിന്റെ അക്കൗണ്ടിലേക്ക് നേരിട്ട് സംഭാവന നൽകണമെന്ന് പോള്‍ എക്സില്‍ പോസ്റ്റ് ചെയ്തിരുന്നു. നിമിഷ പ്രിയയുടെ മോചനത്തിന് 8.3 കോടി രൂപ ആവശ്യമുണ്ടെന്നായിരുന്നു പോസ്റ്റ്. പണം അയയ്‌ക്കേണ്ട ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സഹിതമാണ് എക്സില്‍ ഈ പോസ്റ്റ് പങ്കുവെച്ചിരുന്നത്. എന്നാല്‍ ഈ അവകാശവാദം വ്യാജമാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഫാക്ട് ചെക്കിങ് വിഭാഗം വ്യക്തമാക്കി.

Tags

Share this story

From Around the Web