തോക്കിൻമുനയിൽ നൈജീരിയൻ സ്കൂളുകൾ; വിദ്യാർത്ഥികളുടെ മോചനത്തിനായി ലോകത്തോട് പ്രാർത്ഥന യാചിച്ച് മെത്രാൻ

 
33333

അബൂജ: നൈജീരിയയിൽ സായുധധാരികൾ തട്ടിക്കൊണ്ടുപോയ അൻപതിലധികം വരുന്ന വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷിതമായ മോചനത്തിനായി പ്രാർത്ഥനയോടെ വിശ്വാസസമൂഹം. നൈജീരിയയിലെ ഒയോ സംസ്ഥാനത്തുള്ള ഓഗ്‌ബോമോസോയിലെ വിവിധ സ്കൂളുകളിൽ നിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. ഇവരുടെ മോചനത്തിനായി ഒയോ രൂപതാ മെത്രാൻ ബിഷപ്പ് ബദേജോ എമ്മാനുവേൽ ആഗോള കത്തോലിക്കാ സമൂഹത്തോട് പ്രാർത്ഥന യാചിച്ചു.

മേയ് 15 നായിരുന്നു രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്. ബൈക്കുകളിലെത്തിയ ആയുധധാരികളായ സംഘം വിവിധ സ്കൂളുകൾ വളഞ്ഞ് 45 വിദ്യാർത്ഥികളെയും ഒരു പ്രിൻസിപ്പലിനെയും ഏഴ് അധ്യാപകരെയും തട്ടിക്കൊണ്ടുപോകുകയായിരുന്നു. ക്രൂരമായ ഈ ആക്രമണത്തിനിടയിൽ രണ്ടു പേർ കൊല്ലപ്പെടുകയും ചെയ്തു.

അത്യന്തം ദൗർഭാഗ്യകരവും ദുഃഖകരവുമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് ബിഷപ്പ് ബദേജോ എമ്മാനുവേൽ പറഞ്ഞു. ഇനി മുതൽ അർപ്പിക്കപ്പെടുന്ന എല്ലാ വിശുദ്ധ കുർബാനകളിലും തടങ്കലിൽ കഴിയുന്നവരുടെ സുരക്ഷിതമായ മോചനത്തിനായി പ്രത്യേകം പ്രാർത്ഥിക്കണം. പെന്തക്കോസ്ത് തിരുനാളിന് ഒരുക്കമായുള്ള പരിശുദ്ധാത്മാവിനോടുള്ള നൊവേനയിലും മറ്റ് മധ്യസ്ഥ പ്രാർത്ഥനകളിലും ഈ നിയോഗം വിശ്വാസികൾ ഉൾപ്പെടുത്തണമെന്നും ബിഷപ്പ് അഭ്യർത്ഥിച്ചു.

യാവോത്തയിലുള്ള ബാപ്റ്റിസ്റ്റ് നഴ്സറി & പ്രൈമറി സ്കൂളുകൾ, എസിയേലേയിലെ ഗ്രാമർ സ്കൂൾ, ഓഗ്‌ബോമോസോയിലെ എൽ.എ. പ്രൈമറി സ്കൂൾ എന്നിവ ലക്ഷ്യമാക്കിയായിരുന്നു സായുധസംഘത്തിന്റെ ആസൂത്രിത ആക്രമണം.

തട്ടിക്കൊണ്ടുപോകപ്പെട്ട പ്രിൻസിപ്പലും ഒരു അധ്യാപികയും തങ്ങളുടെ ജീവൻ രക്ഷിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ഗവൺമെന്റിനോട് അപേക്ഷിക്കുന്ന വീഡിയോ ദൃശ്യങ്ങൾ മേയ് 17 ന് സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതിനിടയിൽ തട്ടിക്കൊണ്ടുപോകപ്പെട്ട അധ്യാപകരിൽ ഒരാൾ കൊല്ലപ്പെട്ടതായി ഒയോ സംസ്ഥാന ഗവർണർ സ്ഥിരീകരിച്ചത് ആശങ്ക ഇരട്ടിയാക്കിയിട്ടുണ്ട്.

Tags

Share this story

From Around the Web