നൈജീരിയയിൽ തട്ടിക്കൊണ്ടു പോകപ്പെട്ട വൈദികാർഥികളെ വിട്ടുനൽകാൻ മോചനദ്രവ്യം ആവശ്യപ്പെട്ട് അക്രമികൾ

നൈജീരിയയിൽ തട്ടിക്കൊണ്ടു പോകപ്പെട്ട വൈദികാർഥികളെ വിട്ടുനൽകാൻ മോചനദ്രവ്യം ആവശ്യപ്പെട്ട് അക്രമികൾ. ഔചി രൂപതയുടെ അമലോത്ഭവനാഥ സെമിനാരിയിൽ നടന്ന ഈ ആക്രമണം നടന്നത് ജൂലൈ പത്തിനാണ്. രാത്രിയിൽ ഉണ്ടായ ആക്രമണത്തിൽ സെമിനാരിയിലെ സുരക്ഷാ ജീവനക്കാരനായ ക്രിസ്റ്റഫർ അവെനെഗീം കൊല്ലപ്പെട്ടു.
തട്ടിക്കൊണ്ടുപോകപ്പെട്ട വൈദികാർഥികളെ വിട്ടയക്കാൻ മോചനദ്രവ്യം ആവശ്യപ്പെട്ട് അക്രമികൾ തങ്ങളുമായി ബന്ധപ്പെട്ടുവെന്ന് ഔചി രൂപതാ മെത്രാൻ ബിഷപ്പ് ഗബ്രിയേൽ ഗിയാക്കോമോ ദുനിയ അറിയിച്ചു. വൈദിക വിദ്യാർഥികൾ ഇപ്പോഴും അക്രമിസംഘത്തിന്റെ കയ്യിലാണ്. കഴിഞ്ഞ ദിവസം അക്രമിസംഘം മോചനദ്രവ്യത്തിനായി രൂപതയുമായി ബന്ധപ്പെട്ടുവെന്നും, ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവരികയാണെന്നും ബിഷപ്പ് ദുനിയ വെളിപ്പെടുത്തി.
സെമിനാരിക്ക് ചുറ്റുമുള്ള സുരക്ഷാ നടപടികൾ കർശനമാക്കുന്നതുവരെ സുരക്ഷിത മേഖലയിലേക്ക് മറ്റ് സെമിനാരിക്കാരെ മാറ്റിപ്പാർപ്പിച്ചു. നൈജീരിയയിൽ വർഷങ്ങളായി വൈദികർ, സമർപ്പിതർ, വൈദികാർഥികൾ എന്നിവർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചുവരികയാണ്. കഴിഞ്ഞ പത്ത് വർഷങ്ങൾക്കുള്ളിൽ മാത്രം 145 വൈദികരാണ് ബന്ദികളാക്കപ്പെട്ടത്. ഇവരിൽ 11 പേരെ അക്രമികൾ കൊലപ്പെടുത്തി.