നിക്കോളാസ് മഡൂറോയെ ന്യൂയോർക്കിലെത്തിച്ചു; ലഹരി വിരുദ്ധ ഏജൻസി ചോദ്യം ചെയ്യുമെന്ന റിപ്പോർട്ട്

 
nicholas

വാഷിങ്ടൺ: യുഎസ് സൈന്യം ബന്ദിയാക്കിയ വെനസ്വേല പ്രസിഡൻ്റ് നിക്കോളാസ് മഡൂറോയെ ന്യൂയോർക്കിലെത്തിച്ചു. ന്യൂയോർക്കിലെ സ്റ്റുവർട്ട് എയർ ബേസിൽ വിമാനമെത്തുന്ന ദൃശ്യങ്ങൾ യുഎസ് പുറത്തുവിട്ടു. മഡൂറോയെ ബ്രൂക്ലിനിലെ തടങ്കൽ പാളയത്തിലേക്ക് മാറ്റുമെന്നും, ലഹരി വിരുദ്ധ ഏജൻസി ചോദ്യം ചെയ്യുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. വെനസ്വേലയിലെ യുഎസ് സൈനിക നടപടി ചർച്ച ചെയ്യാൻ യുഎൻ സുരക്ഷാ സമിതി യോഗം നാളെ ചേരും.

കഴിഞ്ഞ ദിവസമാണ് വെനസ്വേല പ്രസിഡൻ്റ് നിക്കോളാസ് മഡൂറോയെ യുഎസ് സേനയിലെ പ്രത്യേക ദൗത്യസംഘമായ ഡെൽറ്റ ഫോഴ്സ് ആണ് കസ്റ്റഡിയിൽ എടുത്തതെന്ന റിപ്പോർട്ട് യുഎസ് മാധ്യമങ്ങൾ പുറത്തുവിട്ടത്. എന്നാൽ ഓപ്പറേഷനെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. മഡൂറോയും ഭാര്യ സിലിയ ഫ്ലോറസും ന്യൂയോർക്കിൽ ക്രിമിനൽ കുറ്റവിചാരണ നേരിടേണ്ടിവരുമെന്ന് യുഎസ് അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇവരെ ന്യൂയോർക്കിൽ എത്തിച്ചത്.

മയക്കു മരുന്ന്-ഭീകരവാദ ഗൂഢാലോചന, കൊക്കെയ്ൻ ഇറക്കുമതി ഗൂഢാലോചന, മെഷീൻ ഗണ്ണുകളും വിനാശകരമായ മറ്റു ആയുധങ്ങളും കൈവശം വയ്ക്കൽ, യുഎസിനെതിരെ ആയുധങ്ങൾ ഉപയോഗിക്കാനുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് നിക്കോളാസ് മഡൂറോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് യുഎസ് അറ്റോർണി ജനറൽ അറിച്ചിരുന്നു.

നീതിയുക്തമായ രീതിയിൽ ഭരണമാറ്റം സംഭവിക്കുന്നത് വരെ വെനസ്വേലയിൽ യുഎസ് ഭരിക്കുമെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ലോകത്ത് ഒരു രാജ്യത്തിനും സാധ്യമാവാത്ത കാര്യമാണ് മഡൂറോയെ അറസ്റ്റ് ചെയ്തതിലൂടെ സംഭവിച്ചതെന്നും, യുഎസ് സൈനിക ചരിത്രത്തിലെ വിസ്മയകരമായ സംഭവമാണിതെന്നുമായിരുന്നു ട്രംപിൻ്റെ പ്രതികരണം.

Tags

Share this story

From Around the Web