നിക്കരാഗ്വയുടെ സ്വേച്ഛാധിപത്യം കത്തോലിക്കാ സഭയ്‌ക്കെതിരായ പീഡനത്തിന്റെ അടയാളങ്ങൾ മായ്ച്ചുകളയുന്നു

2018 ൽ നിക്കരാഗ്വയിലെ ഒരു കത്തോലിക്കാ ഇടവകയിൽ സർക്കാർ സ്പോൺസർ ചെയ്ത സായുധ ആക്രമണത്തിന്റെ എല്ലാ തെളിവുകളും മായ്‌ക്കാൻ പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയുടെയും റൊസാരിയോ മുറില്ലോയുടെയും ഭരണകൂടം ഉത്തരവിട്ടതായി റിപ്പോർട്ട്
. 2018 ജൂലൈ 13 ന്, മനാഗ്വ അതിരൂപതയിലെ ഡിവൈൻ മേഴ്സി ഇടവകയിൽ സാൻഡിനിസ്റ്റ പൊലീസും നിക്കരാഗ്വൻ സൈന്യവും മണിക്കൂറുകളോളം വെടിയുതിർത്ത സംഭവത്തിന്റെ തെളിവുകളാണ് ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. ആക്രമണം നടക്കുമ്പോൾ വിദ്യാർഥികളും ദേശീയ-അന്തർദേശീയ പത്രപ്രവർത്തകരും രണ്ടു വൈദികരും അവിടെ ഉണ്ടായിരുന്നു.
നിക്കരാഗ്വൻ പത്രമായ ആർട്ടിക്കിൾ 66 അനുസരിച്ച്, ആക്രമണത്തിനിടെ രണ്ടു യുവാക്കൾ പള്ളിയുടെ പരിസരത്തുണ്ടായിരുന്നു. വെടിവയ്‌പ്പിൽ പള്ളിയിൽവച്ച് അവർ കൊല്ലപ്പെടുകയും മറ്റു രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം ആക്രമണത്തിലുണ്ടായ എല്ലാ കേടുപാടുകളും പുനഃസ്ഥാപിക്കാൻ സർക്കാർ ഉത്തരവിട്ടു.
“ഇത് വ്യക്തമായും സാൻഡിനിസ്റ്റ സ്വേച്ഛാധിപത്യത്തിൽ നിന്നുള്ള ഒരു ഉത്തരവാണ്. കാരണം അവർ ആ സമയത്തു നടത്തിയ ഭീകരാക്രമണത്തിന്റെ എല്ലാ തെളിവുകളും ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നു.
പക്ഷേ സത്യം എന്തെന്നാൽ, എല്ലാ തെളിവുകളും ഓരോ നിക്കരാഗ്വക്കാരന്റെയും മനസ്സിലും ഹൃദയത്തിലും അന്താരാഷ്ട്ര സമൂഹത്തിന്റെ മനസ്സിലും സജീവമാണ്” – നിക്കരാഗ്വ: എ പെർസെക്യുട്ടഡ് ചർച്ച് എന്ന റിപ്പോർട്ടിന്റെ രചയിതാവും പ്രവാസിയായ അഭിഭാഷകയും ഗവേഷകയുമായ മാർത്ത പട്രീഷ്യ മോളിന പറഞ്ഞു.