മുറിവേറ്റെങ്കിലും സ്വാതന്ത്ര്യത്തിനായി ദാഹിക്കുന്ന നിക്കരാഗ്വ: എട്ടാം വാർഷികത്തിൽ പ്രത്യാശയുമായി ബിഷപ്പ് സിൽവിയോ ബായെസ
നിക്കരാഗ്വയിലെ ഏകാധിപത്യ ഭരണകൂടത്തിനെതിരെ ജനങ്ങൾ നടത്തിയ സമാധാനപരമായ വിപ്ലവത്തിന്റെ എട്ടാം വാർഷികത്തിൽ, മാതൃരാജ്യത്തിന്റെ വിമോചനത്തിനായി ആഹ്വാനം ചെയ്ത് മനാഗ്വ സഹായ മെത്രാൻ മോൺസിഞ്ഞോർ സിൽവിയോ ബായെസ്. നിലവിൽ പ്രവാസത്തിൽ കഴിയുന്ന അദ്ദേഹം, മിയാമിയിലെ സെന്റ് അഗത കാത്തലിക് പള്ളിയിൽ നടന്ന വിശുദ്ധ കുർബാന മധ്യേയാണ് നിക്കരാഗ്വയിലെ ദുരവസ്ഥയെക്കുറിച്ച് സംസാരിച്ചത്.
2018 ഏപ്രിലിൽ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭങ്ങളെ അനുസ്മരിച്ച ബിഷപ്പ്, നിക്കരാഗ്വ ഇന്ന് ഒരു “മുറിവേറ്റ രാഷ്ട്രമാണെങ്കിലും സ്വാതന്ത്ര്യത്തിനായി ദാഹിക്കുകയാണ്” എന്ന് വ്യക്തമാക്കി. എമ്മാവൂസിലേക്കുള്ള ശിഷ്യന്മാരുടെ യാത്രയെ പരാമർശിച്ചു കൊണ്ട് പ്രത്യാശ നഷ്ടപ്പെട്ട സാഹചര്യത്തിലും ഉത്ഥിതനായ ക്രിസ്തു കൂടെയുണ്ടെന്ന സന്ദേശം അദ്ദേഹം വിശ്വാസികൾക്ക് നൽകി.
“ക്രിമിനൽ ഭരണകൂടം അടിച്ചമർത്തലിലൂടെയും കൊലപാതകങ്ങളിലൂടെയും ജനങ്ങളെ നിശബ്ദരാക്കാൻ ശ്രമിച്ചു. നിക്കരാഗ്വ ഇന്ന് മുറിവേറ്റ നിലയിലാണ്, പക്ഷേ നീതിക്കും സമാധാനത്തിനുമായുള്ള ആ ദാഹം നിലച്ചിട്ടില്ല,” ബിഷപ്പ് ബായെസ് പറഞ്ഞു.
നിക്കരാഗ്വൻ ഭരണകൂടം ബിഷപ്പുമാരും വൈദികരും സന്യസ്ഥരുമുൾപ്പെടെ 300-ലധികം സഭാംഗങ്ങളെ ഇതിനോടകം നാട് കടത്തി. അതോടൊപ്പം വിശുദ്ധ വാരത്തിലെ കുരിശിന്റെ വഴി ഉൾപ്പെടെയുള്ള പരസ്യമായ വിശ്വാസപരമായ ചടങ്ങുകൾക്കും ഘോഷയാത്രകൾക്കും വിലക്കേർപ്പെടുത്തുകയും സന്നദ്ധ സംഘടനകളുടെയും സഭയുടെയും നിരവധി സ്ഥാപനങ്ങളുടെ നിയമപരമായ പദവി റദ്ദാക്കുകയും സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തു.
അതേസമയം നിക്കരാഗ്വയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ അമേരിക്കൻ ഭരണകൂടം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, നിക്കരാഗ്വൻ ആഭ്യന്തര സഹമന്ത്രി ലൂയിസ് റോബർട്ടോ കാനാസിനെതിരെ ഉപരോധം പ്രഖ്യാപിച്ചു. നിക്കരാഗ്വയിലെ ജനങ്ങൾക്കൊപ്പം ജനാധിപത്യത്തിനായി നിലകൊള്ളുമെന്ന് സെനറ്റർ റിക്ക് സ്കോട്ട് പറഞ്ഞു.