നിക്കരാഗ്വയിൽ മതപീഡനം ശക്തമായതോടെ ഏഴ് വർഷത്തിനിടെ നിരോധിച്ചത് 27,000 ത്തിലധികം മതപരമായ ഘോഷയാത്രകൾ

 
daniel

2019 നും 2026 നുമിടയിൽ നിക്കരാഗ്വയിലെ ഡാനിയേൽ ഒർട്ടേഗയുടെ നേതൃത്വത്തിലുള്ള സ്വേച്ഛാധിപത്യ ഭരണകൂടം 27,000 ത്തിലധികം കത്തോലിക്കാ ഘോഷയാത്രകൾ നിരോധിച്ചതായി റിപ്പോർട്ട്. നിക്കരാഗ്വൻ അഭിഭാഷകയും ഗവേഷകയുമായ മാർത്ത പട്രീഷ്യ മോളിന പുറത്തുവിട്ട ‘നിക്കരാഗ്വ: ഒരു പീഡിതസഭ?’ എന്ന പഠനറിപ്പോർട്ടിലാണ് ഈ കണക്കുകളുള്ളത്.

കത്തോലിക്കാ സഭയുടെ പരമ്പരാഗതമായ തെരുവ് ഘോഷയാത്രകൾക്കും പെരുന്നാൾ ആഘോഷങ്ങൾക്കും സർക്കാർ കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രത്യേകിച്ച്, വിശുദ്ധ വാരത്തോടനുബന്ധിച്ചുള്ള കുരിശിന്റെ വഴി, ഈസ്റ്റർ ഘോഷയാത്രകൾ എന്നിവ പള്ളിക്കുള്ളിൽ തന്നെ നടത്തണമെന്ന് പൊലീസ് കർശന നിർദേശം നൽകിയിട്ടുണ്ട്. തെരുവുകളിൽ ജനങ്ങൾ കൂട്ടംകൂടുന്നത് ഭരണകൂടത്തിന് ഭീഷണിയാണെന്ന ഭയമാണ് ഈ നിരോധനത്തിനു പിന്നിലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

റിപ്പോർട്ടിലെ പ്രധാന വിവരങ്ങൾ

2019 മുതൽ 2026 വരെയുള്ള കാലയളവിൽ മതപരമായ 27,250 ഓളം പൊതുപരിപാടികൾ നിരോധിക്കപ്പെട്ടു. ഇതിൽ ഭൂരിഭാഗവും പ്രാദേശിക ഇടവകകളിലെ തിരുനാളുകളുമായി ബന്ധപ്പെട്ടവയാണ്. പള്ളികൾക്കു പുറത്ത് പൊലീസ് കാവൽ ഏർപ്പെടുത്തുകയും വിശ്വാസികൾ തെരുവിലേക്ക് ഇറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താൻ ഡ്രോണുകളും സിസി ടിവി ക്യാമറകളും ഉപയോഗിച്ച് നിരീക്ഷണം നടത്തുകയും ചെയ്യുന്നു. സർക്കാരിന്റെ ഈ വിലക്കുകൾ ലംഘിക്കാൻ ശ്രമിച്ച അനേകം വൈദികരും അൽമായരും അറസ്റ്റ് ചെയ്യപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്തിട്ടുണ്ട്. 2026 ന്റെ തുടക്കത്തിൽ മാത്രം മതപരമായ  നിരവധി ചടങ്ങുകൾ പൊലീസ് ബലമായി തടഞ്ഞു.

സഭയുടെ സാമൂഹികപ്രവർത്തനങ്ങളെ അടിച്ചമർത്തുന്നതിന്റെ ഭാഗമായി കത്തോലിക്കാ റേഡിയോ സ്റ്റേഷനുകളും ജീവകാരുണ്യസംഘടനകളും ഇതിനോടകം സർക്കാർ അടച്ചുപൂട്ടിയിട്ടുണ്ട്. ഭരണകൂടത്തിന്റെ കടുത്ത നിയന്ത്രണങ്ങൾക്കിടയിലും പള്ളിക്കുള്ളിൽ ഒത്തുചേർന്ന് പ്രാർഥനകൾ തുടരാനാണ് വിശ്വാസികളുടെ തീരുമാനം. “ഞങ്ങളുടെ വിശ്വാസത്തെ തെരുവിൽ നിന്ന് മാറ്റാൻ അവർക്ക് സാധിക്കുമായിരിക്കും. പക്ഷേ, ഞങ്ങളുടെ ഹൃദയങ്ങളിൽ നിന്ന് അത് മാറ്റാൻ കഴിയില്ല” – ഒരു വിശ്വാസി വെളിപ്പെടുത്തി.

അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും വത്തിക്കാനും നിക്കരാഗ്വയിലെ ഈ സാഹചര്യത്തിൽ വലിയ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

Tags

Share this story

From Around the Web