ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് പുതിയ സൈബർ ഭീഷണി: നീക്കം ചെയ്താലും വീണ്ടും ഇൻസ്റ്റാൾ ചെയ്യുന്ന മാൽവെയർ
ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തുന്ന പുതിയൊരു സൈബർ ഭീഷണി പുറത്തുവന്നിരിക്കുകയാണ്. സാധാരണ മാൽവെയറുകളിൽ നിന്ന് വ്യത്യസ്തമായി ഒരിക്കൽ നീക്കം ചെയ്താലും സ്വയം വീണ്ടും ഇൻസ്റ്റാൾ ചെയ്യാനുള്ള കഴിവുള്ള ശക്തമായ മാൽവെയർ വ്യാപകമായി പടരുന്നതായി സൈബർ സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു. ഇതിനകം തന്നെ ദശലക്ഷക്കണക്കിന് ഉപകരണങ്ങൾ ഇതിന്റെ പിടിയിലായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഈ മാൽവെയറിന്റെ പ്രധാന പ്രത്യേകത സിസ്റ്റത്തിന്റെ ആഴത്തിലുള്ള അനുമതികൾ കൈവശപ്പെടുത്തുകയും സിസ്റ്റം ആപ്പുകളുടെ മറവിൽ ഒളിച്ചിരിക്കുകയും ചെയ്യുന്നതാണ്. ഉപയോക്താവ് ആപ്പ് അൺ ഇൻസ്റ്റാൾ ചെയ്താലും ബാക്കപ്പ് സംവിധാനങ്ങളിലൂടെയോ സിസ്റ്റം ഫയലുകളിൽ ഒളിച്ചിരിക്കുന്ന കോഡുകളിലൂടെയോ ഇത് വീണ്ടും സജീവമാകുന്നു. ചില സാഹചര്യങ്ങളിൽ ഫാക്ടറി റീസെറ്റ് ചെയ്ത ശേഷവും മാൽവെയർ തിരിച്ചെത്താൻ സാധ്യതയുണ്ടെന്നതാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
ബാറ്ററി പെട്ടെന്ന് തീരുക, അനാവശ്യപരസ്യങ്ങൾ പ്രത്യക്ഷപ്പെടുക, ഡാറ്റാ ഉപയോഗം അനിയന്ത്രിതമായി വർദ്ധിക്കുക, ഫോൺ അമിതമായി ചൂടാകുക തുടങ്ങിയ ലക്ഷണങ്ങൾ മാൽവെയർ സാന്നിധ്യത്തിന്റെ സൂചനകളാണ്. ഔദ്യോഗിക ആപ്പ് സ്റ്റോറുകളിൽ നിന്നു മാത്രം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുക, സംശയാസ്പദമായ ആപ്പുകൾ സേഫ് മോഡിൽ നീക്കം ചെയ്യുക എന്നിവ നിർണായകമാണ്.
പ്രശ്നം തുടരുകയാണെങ്കിൽ വിശ്വസനീയമായ ആന്റി വൈറസ് ഉപയോഗിച്ച് സ്കാൻ ചെയ്യുകയും അത്യാവശ്യമുള്ളപ്പോൾ മാത്രം ഫാക്ടറി റീസെറ്റ് നടത്തുകയും വേണം. ഉപയോക്താക്കൾ ജാഗ്രത പാലിക്കാത്ത പക്ഷം വ്യക്തിഗത ഡാറ്റ ചോർച്ച പോലുള്ള ഗുരുതര പ്രശ്നങ്ങൾക്കും ഇത് വഴിവയ്ക്കാം