‘നിങ്ങളുടെ സന്തോഷം ഒരിക്കലും നഷ്ടപ്പെടുത്തരുത്’: 24 വയസ്സുള്ള നവവൈദികനോട് ലെയോ പതിനാലാമൻ പാപ്പ

സ്പെയിനിലെ ഏറ്റവും പ്രായം കുറഞ്ഞ പുരോഹിതന്മാരിൽ ഒരാളായ ഫാ. മിഗുവൽ തോവറിന്റെ 24 വയസുണ്ട്. ജൂലൈ അഞ്ചിന് മുർസിയ മേഖലയിലെ കാർട്ടജീന രൂപതയിൽ വെച്ച് തിരുപ്പട്ടം സ്വീകരിച്ച അദ്ദേഹവും മാതാപിതാക്കളും ലെയോ പതിനാലാമൻ പാപ്പയെ സന്ദർശിച്ചിരുന്നു. പൗരോഹിത്യത്തിന്റെ സന്തോഷം ഒരിക്കലും നഷ്ടപ്പെടുത്തരുതെന്നാണ് പാപ്പ നവവൈദികന് നൽകിയ ഉപദേശം.
“എന്റെ പൗരോഹിത്യസ്വീകരണം കഴിഞ്ഞു ഒരു മാസത്തിനുശേഷം, പാപ്പയെ അഭിവാദ്യം ചെയ്യാൻ കഴിയുന്നത് കർത്താവിൽ നിന്നുള്ള എത്ര വലിയ സമ്മാനമാണ്. വിശ്വസ്തനായിരിക്കാനും പ്രാർഥനയിൽ പൗരോഹിത്യത്തിന്റെ സന്തോഷം നഷ്ടപ്പെടുത്താതിരിക്കാനും പരിശുദ്ധ പിതാവ് എന്നെ പ്രോത്സാഹിപ്പിച്ചു,” ഓഗസ്റ്റ് ഏഴിന് യുവ പുരോഹിതൻ തന്റെ എക്സ് അക്കൗണ്ടിൽ എഴുതി.
അടുത്തിടെയാണ് താൻ പുരോഹിതനായതെന്ന് പറഞ്ഞപ്പോൾ ലെയോ പതിനാലാമൻ മാർപാപ്പ തന്നോട് പറഞ്ഞത് ഇപ്രകാരമാണ്: “വിശ്വസ്തനായിരിക്കുക. പല പുരോഹിതന്മാർക്കും സന്തോഷം നഷ്ടപ്പെടുന്നു. പൗരോഹിത്യത്തിന്റെ സന്തോഷം ഒരിക്കലും നഷ്ടപ്പെടുത്തരുത്, അത് നിങ്ങൾക്ക് എപ്പോഴും പ്രാർഥനയിലൂടെ ലഭിക്കും.”
തന്റെ മാതാപിതാക്കളും റോമിലേത്തിയിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ പാപ്പ പറഞ്ഞു “അവർ അവിടെയുണ്ടോ? അവരോട് വരാൻ പറയൂ! 24 വയസ്സുള്ള ഒരു മകനെ സഭയ്ക്ക് നൽകിയതിന് നിങ്ങൾക്ക് അഭിനന്ദനങ്ങൾ, ” ശേഷം പാപ്പാ മൂവരെയും അനുഗഹിച്ചു.
ഫാദർ മിഗുവൽ തോവർ
സ്പെയിനിലെ കാർട്ടജീന രൂപതയിൽ ജൂലൈ രണ്ടിന് നവവൈദികനായി അഭിഷിക്തനായ 24 വയസ്സുള്ള ഒരു സ്പാനിഷ് പുരോഹിതനാണ് ഫാദർ മിഗുവൽ തോവർ. തന്റെ തിരുപ്പട്ട സ്വീകരണത്തിന് ദിവസങ്ങൾക്ക് മുമ്പ് പ്രസിദ്ധീകരിച്ച ഒരു സാക്ഷ്യപത്രത്തിൽ, യുവ പുരോഹിതൻ ഇങ്ങനെ പ്രസ്താവിച്ചു: “കർത്താവ് നിങ്ങളെ വിളിക്കുമ്പോൾ, ദൈവം നിങ്ങളിൽ നിന്ന് എല്ലാം എടുത്തുകളയുമെന്ന് നിങ്ങൾ ഭയപ്പെട്ടേക്കാം. എന്നാൽ അത് തികച്ചും വിപരീതമാണ്. ഈ വർഷങ്ങളിൽ, നിങ്ങൾ നിങ്ങളുടെ ജീവിതം ദൈവത്തിന് നൽകുമ്പോൾ, അവൻ നിങ്ങൾക്ക് എല്ലാം നൽകുന്നു.”
മുർസിയയിലെ ഒരു ചെറിയ പട്ടണമായ ടോറിയാൽറ്റയിൽ ജനിച്ച മിഗുവൽ തോവർ തന്റെ മാതാപിതാക്കൾ, ഇരട്ട സഹോദരൻ, മൂത്ത സഹോദരി എന്നിവരോടൊപ്പം സന്തോഷത്തോടെ വളർന്നു, അവിടെ അദ്ദേഹം ഒരു ക്രിസ്തീയ അന്തരീക്ഷത്തിലാണ് വളർന്നത്. പതിമൂന്നാം വയസ്സിലാണ് അദ്ദേഹം തന്റെ ദൈവവിളി തിരിച്ചറിഞ്ഞത്. എന്നാൽ 2019 ൽ, 18 വയസ്സുള്ളപ്പോഴാണ് അദ്ദേഹം സാൻ ഫുൾജെൻസിയോ മേജർ സെമിനാരിയിൽ പ്രവേശിച്ചത്.
തന്റെപൗരോഹിത്യ ജീവിതത്തിന്റെ ആദർശമായി അദ്ദേഹം തിരഞ്ഞെടുത്തത് “അവന്റെ കരുണ എന്നേക്കും നിലനിൽക്കും” എന്നതാണ്.