നീറ്റ് ക്രമക്കേട്, ബിവാൽ സഹോദരങ്ങൾ മുൻപും ചോദ്യപേപ്പർ ചോർത്തിയോ? സിബിഐ അന്വേഷണം കേരളത്തിലേക്കും
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേട് കേസിൽ അറസ്റ്റിലായ ബിജെപി പ്രാദേശിക നേതാക്കളായ ബിവാൽ സഹോദരങ്ങൾ മുൻ വർഷങ്ങളിലും ചോദ്യപേപ്പർ ചോർത്തിയതായി സംശയം. കഴിഞ്ഞ വർഷം ബിവാൽ കുടുംബത്തിലെ നാല് പേർ നീറ്റ് പരീക്ഷ പാസായതാണ് സിബിഐയുടെ സംശയം വർധിപ്പിക്കുന്നത്. ഇതിൽ അസ്വാഭാവികതയുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്. ഈ വർഷം പരീക്ഷ എഴുതിയ ദിനേശ് ബിവാലിന്റെ മകൻ നിലവിൽ ഒളിവിലാണ്.
കേസിലെ പ്രധാന കണ്ണി എന്ന് കരുതുന്ന നാസിക് സ്വദേശി ശുഭം ഖൈർനാറിന് യഥാർത്ഥ ചോദ്യപേപ്പർ ലഭിച്ചതായാണ് സിബിഐ നിഗമനം. ധനഞ്ജയ് ലോഖണ്ഡെ എന്ന യുവാവിൽ നിന്നാണ് ശുഭത്തിന് ഇത് ലഭിച്ചത്. പത്തുലക്ഷം രൂപയ്ക്ക് വാങ്ങിയ ചോദ്യപേപ്പർ 15 ലക്ഷം രൂപയ്ക്ക് ഗുരുഗ്രാമിലെ ഒരു ഡോക്ടർക്ക് മറിച്ചുവിറ്റു. കൊറിയർ പാഴ്സലുകൾ വഴിയാണ് ചോദ്യപേപ്പർ കൈമാറ്റം ചെയ്യപ്പെട്ടത്. ഇതിലെ 135 ചോദ്യങ്ങൾ ഉൾപ്പെടുത്തി 'മാതൃകാ ചോദ്യപേപ്പർ' തയ്യാറാക്കി വിവിധ സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുകയായിരുന്നു.
കേസിൽ ഇതുവരെ 24 പേരെ സിബിഐ കസ്റ്റഡിയിലെടുത്തു. രാജസ്ഥാൻ, മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം. പരീക്ഷാ ക്രമക്കേടിനെക്കുറിച്ച് കേരളത്തിൽ എംബിബിഎസ് പഠിക്കുന്ന വിദ്യാർത്ഥിയുടെ പിതാവിന് അറിവുണ്ടായിരുന്നു എന്ന സന്ദേശങ്ങൾ പുറത്തുവന്നതോടെ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കാൻ സിബിഐ ഒരുങ്ങുകയാണ്.
ഇതുവരെ 180 വിദ്യാർത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിലെ എൻടിഎ (NTA) ആസ്ഥാനത്തെത്തിയും സിബിഐ സംഘം രേഖകൾ പരിശോധിച്ചു. ചോദ്യപേപ്പർ വാങ്ങിയ ഗുരുഗ്രാമിലെ ഡോക്ടറെ പിടികൂടാനാണ് അന്വേഷണസംഘം ഇപ്പോൾ മുൻഗണന നൽകുന്നത്. ഇയാൾ വഴി കൂടുതൽ വിദ്യാർത്ഥികളിലേക്ക് ചോദ്യങ്ങൾ എത്തിയിട്ടുണ്ടോ എന്ന് കണ്ടെത്തേണ്ടതുണ്ട്. നാല് പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് സിബിഐ അന്വേഷണം പുരോഗമിക്കുന്നത്.