ചിറ്റൂരിൽ എൻഡിഎ സ്ഥാനാർത്ഥി എൽഡിഎഫിന് വോട്ട് ചോദിച്ചതായി പോസ്റ്റ്, ഫേസ്‌ബുക്ക് ഹാക്ക് ചെയ്തതെന്ന് പ്രണേഷ് രാജേന്ദ്രൻ

 
chittoor

പാലക്കാട്: വോട്ടെടുപ്പ് പുരോഗമിക്കവെ ചിറ്റൂർ മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥിയുടെ ഫേസ്‌ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ് രാഷ്ട്രീയ വൃത്തങ്ങളെ അമ്പരപ്പിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. വി. മുരുകദാസിന് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് എൻ.ഡി.എ സ്ഥാനാർത്ഥി പ്രണേഷ് രാജേന്ദ്രന്റെ പേജിൽ കുറിപ്പ് വന്നത്.

സംഭവം വിവാദമായതോടെ വിശദീകരണവുമായി പ്രണേഷ് രാജേന്ദ്രൻ രംഗത്തെത്തി. തന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത് തെറ്റായ പ്രചാരണം നടത്തുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. എൻ.ഡി.എ വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, എൽ.ഡി.എഫും എൻ.ഡി.എയും ഒന്നാണെന്നും രണ്ടുപേർക്കും ഒരേ അജണ്ടയാണെന്നുമുള്ള ആരോപണവുമായി യു.ഡി.എഫ് സ്ഥാനാർത്ഥി സുമേഷ് അച്യുതൻ രംഗത്തെത്തി.

മണ്ഡലത്തിൽ മറ്റൊരു വിവാദവും ഇന്ന് പുലർച്ചെയുണ്ടായി. എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ അപരനായ പി. മുരുകദാസിന്റെ സ്ലിപ്പുകൾ വിതരണം ചെയ്യുന്നതിനിടെ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് കെ. സാജൻ ഉൾപ്പെടെയുള്ള പ്രവർത്തകരെ നാട്ടുകാർ പിടികൂടി. ഇവരെ പിന്നീട് പൊലീസിന് കൈമാറി. വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ യു.ഡി.എഫ് ശ്രമിക്കുകയാണെന്ന് എൽ.ഡി.എഫ് ആരോപിച്ചു. ആരോപണങ്ങളും പ്രത്യാരോപണങ്ങളും കൊണ്ട് ചൂടുപിടിച്ച ചിറ്റൂർ മണ്ഡലത്തിൽ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.

Tags

Share this story

From Around the Web