നവീന്‍ ബാബുവിന്റെ മരണം: ദിവ്യയുടെ ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകളുണ്ട്; കുറ്റപത്രം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ നീക്കം

എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ , കുറ്റപത്രം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് കണ്ണൂർ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ അഭിഭാഷകൻ. ദിവ്യ ഉന്നയിച്ച ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകൾ ഉണ്ടെന്നും പ്രശാന്ത് ടി.വി എന്നൊരു സാക്ഷിയുണ്ടെന്നും അഡ്വ. കെ. വിശ്വൻ അറിയിച്ചു.
പ്രശാന്ത് ടി.വി മുഖാന്തരം ദിവ്യയെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് അഡ്വ. കെ. വിശ്വന്‍ ചൂണ്ടിക്കാട്ടി. റവന്യു വകുപ്പിന്റെ അന്വേഷണത്തിനെതിരെയും ദിവ്യയുടെ അഭിഭാഷകൻ സംസാരിച്ചു. ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടേത് പാതിവെന്ത അന്വേഷണ റിപ്പോർട്ടാണ്. പ്രതിഭാഗത്തെ കേൾക്കാതെ തയ്യാറാക്കിയ റിപ്പോർട്ടാണിതെന്നും അഭിഭാഷകന്‍ ആരോപിച്ചു.
കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നായിരുന്നു ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ട്. പി.പി. ദിവ്യ എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിന് എത്തിയത് ആസൂത്രിതമായിട്ടാണെന്നും റിപ്പോർട്ടില്‍ പറഞ്ഞിരുന്നു.
പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതുമായി ബന്ധപ്പെട്ട ഫയലിൽ നവീൻ ബാബു കാലതാമസം വരുത്തി എന്നതിന് തെളിവില്ലെന്നും ലാൻഡ് റവന്യൂ ജോ. കമ്മീഷണർ എ. ഗീത ഐഎഎസിന്റെ റിപ്പോർട്ടിൽ പറയുന്നു. നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങ് ചിത്രീകരിക്കാൻ ആവശ്യപ്പെട്ടത് ദിവ്യയാണെന്ന് മൊഴി ലഭിച്ചതായാണ് റിപ്പോർട്ട്. ചടങ്ങിനു മുൻപ് ദിവ്യ നേരിട്ട് വിളിച്ചിരുന്നു എന്ന് കളക്ടറും മൊഴി നൽകിയതായിട്ടായിരുന്നു അന്വേഷണ റിപ്പോർട്ടില്‍ രേഖപ്പെടുത്തിയിരുന്നത്.
കഴിഞ്ഞ ദിവസം, നവീൻ ബാബു മരിക്കുന്നതിന് മുൻപ് സംസാരിച്ച അഴീക്കോട് സ്വദേശി പ്രശാന്ത് ടി.വിയുടെ മൊഴി പുറത്തുവന്നിരുന്നു. പ്രശാന്തിനെ ഇടനിലക്കാരനാക്കാൻ ശ്രമിച്ചെന്നാണ് മൊഴിയിലെ സൂചന. ദിവ്യയുടെ ബന്ധുവാണെങ്കിലും നേരിട്ട് പരിചയമില്ലെന്ന് പറഞ്ഞതോടെ "എന്നാൽ ശരി" എന്ന് എഡിഎം പറഞ്ഞതായി മൊഴിയിലുണ്ട്. ഇരുവരും തമ്മിലുള്ള ബന്ധം എഡിഎമ്മിന് നേരത്തെ അറിയാമായിരുന്നെന്നും പ്രശാന്തിൻ്റെ മൊഴിയിൽ പറയുന്നു.