പ്രകൃതിയെ ആരാധിക്കുകയല്ല, സംരക്ഷിക്കണം: ലെയോ പതിനാലാമൻ പാപ്പ

പ്രകൃതിയുടെ അടിമകളോ, ആരാധകരോ ആകാതെ അതിനെ പരിപാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിപ്പിച്ച് ലെയോ പതിനാലാമൻ മാർപാപ്പ.
ആഗസ്റ്റ് 17 മുതൽ 20 വരെ കൊളംബിയയിലെ ബൊഗോട്ടയിൽ നടക്കുന്ന ആമസോൺ ബിഷപ്പുമാരുടെ സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്കായി കർദിനാൾ പിയത്രോ പരോളിൻ ഒപ്പിട്ട ടെലിഗ്രാമിലൂടെയാണ് മാർപ്പാപ്പ സന്ദേശം അയച്ചത്.
ആമസോണിലെ സഭാസമ്മേളനത്തിന്റെ അധ്യക്ഷൻ കർദിനാൾ പെഡ്രോ ബാരെറ്റോ ജിമെനോയ്ക്കുള്ള തന്റെ സന്ദേശത്തിൽ, ആമസോൺ പ്രദേശത്തെ ജനങ്ങൾക്കായി സഭ ചെയ്യുന്ന പ്രവർത്തനങ്ങളെ മാർപാപ്പ അഭിനന്ദിച്ചു.
ക്രിസ്തുവിനെ പ്രഘോഷിക്കുന്നതിനൊപ്പം, ആമസോണിലെ ജനങ്ങളോട് നീതിപൂർവം പെരുമാറാനും നമ്മുടെ പൊതുഭവനം സംരക്ഷിക്കാനും മാർപാപ്പ ആഹ്വാനം ചെയ്തു. ക്രിസ്തുവിന്‍ന്റെ നാമം പ്രഘോഷിക്കപ്പെടുമ്പോൾ അനീതി ഇല്ലാതാകുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
പ്രകൃതിയെ സംരക്ഷിക്കേണ്ടത് ദൈവത്തെ സ്തുതിക്കുന്നതിനും ആത്മാക്കളുടെ രക്ഷയ്ക്കും വേണ്ടിയുള്ള മനുഷ്യന്റെ ലക്ഷ്യങ്ങൾ നേടാൻ സഹായിക്കുന്ന ഒന്നാണെന്നും പാപ്പ കൂട്ടിച്ചേർത്തു.
2024 ഒക്ടോബറിൽ നടന്ന ആമസോൺ സിനഡിൽ നിന്നു ലഭിച്ച പാഠങ്ങൾ അനുസ്മരിച്ചുകൊണ്ട്, ബിഷപ്പുമാർ ഒരുമിച്ചുനിന്ന് തങ്ങളുടെ ദൗത്യം നിർവഹിക്കാനുള്ള വഴികൾ കണ്ടെത്തണമെന്നും മാർപാപ്പ സന്ദേശത്തിൽ ആവശ്യപ്പെട്ടു.