അയർലണ്ട് സീറോ മലബാർ സഭയുടെ നാഷണൽ നോക്ക് തീർത്ഥാടനം മെയ് ഒമ്പതിന്; കർദിനാൾ മാർ ജോർജ് കൂവക്കാട്ട് മുഖ്യകാർമ്മികനാകും
ഡബ്ലിൻ: അയർലണ്ടിലെ സീറോ മലബാർ വിശ്വാസികളുടെ ഈ വർഷത്തെ നാഷണൽ നോക്ക് മരിയൻ തീർത്ഥാടനം മെയ് ഒമ്പതാം തീയതി ശനിയാഴ്ച നടക്കും. കൗണ്ടി മയോയിലെ വിശ്വപ്രസിദ്ധമായ നോക്ക് അന്താരാഷ്ട്ര മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ നടക്കുന്ന സംഗമത്തിൽ അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കും.
മതാന്തര സംവാദത്തിനുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ പ്രിഫക്റ്റ് കർദിനാൾ മാർ ജോർജ് കൂവക്കാട്ടാണ് തീർത്ഥാടനത്തിലെ മുഖ്യകാർമ്മികൻ. കർദിനാളായി ഉയർത്തപ്പെട്ട ശേഷമുള്ള അദേഹത്തിന്റെ ആദ്യ അയർലണ്ട് സന്ദർശനമാണിത്. ശനിയാഴ്ച രാവിലെ 10 മണിക്ക് സീറോ മലബാർ സഭ അദ്ദേഹത്തിന് ഔദ്യോഗിക സ്വീകരണം നൽകും. യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത്, നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ട് തുടങ്ങിയവർ സന്നിഹിതരായിരിക്കും.
തീർത്ഥാടന ദിനമായ മെയ് ഒമ്പതിന് രാവിലെ 9:45-ന് നോക്ക് ബസിലിക്കയിൽ ജപമാലയോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് ആഘോഷപൂർവ്വമായ സീറോ മലബാർ വിശുദ്ധ കുർബാനയും ഭക്തിനിർഭരമായ പ്രദക്ഷിണവും നടക്കും. ലിവിംഗ് സെർട്ട്, കാറ്റിക്കിസം സ്കോളർഷിപ്പ്, ബൈബിൾ ക്വിസ് എന്നിവയിൽ മികച്ച വിജയം കൈവരിച്ചവരെ ആദരിക്കുന്നതിനൊപ്പം അഞ്ചോ അതിലധികമോ മക്കളുള്ള വലിയ കുടുംബങ്ങളെ പ്രത്യേകമായി ആദരിക്കുന്നത് ഇത്തവണത്തെ തീർത്ഥാടനത്തിന് മാറ്റുകൂട്ടും.
1879 ൽ പരിശുദ്ധ മാതാവും വിശുദ്ധ യൗസേപ്പിതാവും യോഹന്നാൻ ശ്ലീഹായും പ്രത്യക്ഷപ്പെട്ട നോക്ക് ഗ്രാമം അയർലണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമാണ്. ജോൺ പോൾ രണ്ടാമൻ മാർപാപ്പയും ഫ്രാൻസിസ് മാർപാപ്പയും സന്ദർശിച്ചിട്ടുള്ള ഇവിടെ സീറോ മലബാർ സഭയുടെ വൈദികരുടെ സ്ഥിരസാന്നിധ്യവും എല്ലാ രണ്ടാം ശനിയാഴ്ചകളിലും മലയാളം കുർബാനയും ലഭ്യമാണ്.
സഭയുടെ കീഴിലുള്ള 38 കുർബാന കേന്ദ്രങ്ങളിലും തീർത്ഥാടനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി നാഷണൽ പാസ്റ്ററൽ കൗൺസിൽ അറിയിച്ചു. അയർലണ്ടിലെ മുഴുവൻ വിശ്വാസികളെയും ഈ പ്രാർത്ഥനാ സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സഭാനേതൃത്വം അറിയിച്ചു.