എൻ. എസ്. എസ്. മാനേജ്മെന്റിലെ നിയമനങ്ങൾ റെഗുലറൈസ് ചെയ്ത ഉത്തരവിന്റെ ആനുകൂല്യം മറ്റു മാനേജ്മെന്റുകളിലെ നിയമനങ്ങൾക്കും ബാധകമാക്കണം- സീറോമലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ
 

 
teacher

സംസ്ഥാനത്തെ എയ്ഡഡ് നിയമനങ്ങളിൽ 07-02-1996 മുതൽ 18-4-2017 വരെയുള്ള കാലയളവിലെ കേഡർ സ്‌ട്രെങ്തിലെ ആകെ ഒഴിവുകളുടെ 3% ലും 19-04-2017 മുതലുള്ള ഒഴിവുകളുടെ 4% ലും ഭിന്നശേഷി സംവരണം നടപ്പാക്കി നിയമനം നടത്തണമെന്ന ബഹു. കോടതി വിധിന്യായങ്ങളും അതേത്തുടർന്നുള്ള സർക്കാർ ഉത്തരവുകളും പാലിക്കുന്നതിൽ ക്രൈസ്തവ മാനേജ്മെന്റുകൾ പൂർണമായ ജാഗ്രതയും സഹകരണവും പുലർത്തിയിട്ടുണ്ട്.

അതിൻപ്രകാരം ഓരോ കാറ്റഗറിയിലുമുള്ള റോസ്റ്റർ തയ്യാറാക്കി ഒഴിവുകൾ കണ്ടെത്തി ഭിന്നശേഷി നിയമനത്തിനായി നീക്കിവയ്ക്കുകയും ക്രമപ്രകാരം വിദ്യാഭ്യാസവകുപ്പിനെ അറിയിക്കുകയും ചെയ്തിട്ടുള്ളതാണ്.

ഭിന്നശേഷിക്കാരായ സഹോദരങ്ങളെ ഏറ്റവും അധികം ചേർത്തുപിടിക്കുന്ന ക്രൈസ്തവസഭകളുടെ പാരമ്പര്യം കേരളീയ പൊതുസമൂഹത്തിന് ബോധ്യമുള്ളതായിരിക്കെ ഈ വിഷയത്തിൽ ക്രിസ്ത്യൻ മാനേജ്മെന്റുകളെ അകാരണമായി കുറ്റപ്പെടുത്തുന്നരീതിയിൽ ചില പരാമർശങ്ങൾ ഉണ്ടായത് തികച്ചും പ്രതിഷേധാർഹമാണ്. എയ്ഡഡ് സ്ഥാപനങ്ങളിലെ ഭിന്നശേഷിനിയമനങ്ങൾ എത്രയും വേഗം പൂർത്തിയാക്കണം എന്നുതന്നെയാണ് ക്രിസ്ത്യൻ മാനേജ്മെന്റുകൾ സർക്കാരിനോടു നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.

എന്നാൽ ഭിന്നശേഷിക്കാർക്കായി നീക്കിവച്ചിരിക്കുന്ന തസ്തികകൾ മുഴുവൻ സമയബന്ധിതമായി നികത്തുന്നതിന് സർക്കാരിനെക്കൊണ്ട് സാധിക്കാത്തതിന്റെ പേരിൽ 07-11-2021 ന് ശേഷമുണ്ടായ സ്ഥിരം ഒഴിവുകളിൽ നിയമിക്കപ്പെട്ട അദ്ധ്യാപകർ എല്ലാവരും ദിവസവേതനക്കാരായി തുടരുന്ന അവസ്ഥയാണ് ഭിന്നശേഷി സംവരണപ്രശ്നത്തിന്റെ കാതൽ. കഴിഞ്ഞ നാലു വർഷങ്ങളായി വിവിധ മാനേജ്മെന്റുകളിൽ നിയമിതരായ എല്ലാ യോഗ്യതകളുമുള്ള പതിനെണ്ണായിരത്തോളം അധ്യാപകർ ഈ ദുരവസ്ഥ നേരിടുകയാണ്.

അധ്യാപകനിയമനങ്ങൾ റെഗുലറൈസ് ചെയ്യുന്ന വിഷയത്തിൽ എൻ. എസ്. എസ്. മാനേജ്മെന്റ് സുപ്രീം കോടതിയിൽനിന്നും നേടിയ അനുകൂല ഉത്തരവ് ഈ രംഗത്തെ പ്രതിസന്ധി പരിഹരിക്കുന്നതിന് സഹായകരമായിരുന്നു.

എൻ. എസ്. എസിനെപ്പോലെ മറ്റു മാനേജ്മെന്റുകളും ഭിന്നശേഷി സംവരണത്തിനായി തസ്തികകൾ സർക്കാരിലേക്ക് വിട്ടുകൊടുത്തു കാത്തിരിക്കുന്നവരാണ്. എന്നാൽ സമാന വിദ്യാഭ്യാസ ഏജൻസികൾക്കും പ്രസ്തുത ഉത്തരവിന്റെ ആനുകൂല്യം നൽകാവുന്നതാണെന്ന സുപ്രീം കോടതി ഉത്തരവിലെ പരാമർശവും തുടർന്നു കേരളാ ഹൈക്കോടതി നൽകിയ നിർദേശവും തള്ളിക്കളയുന്ന നിഷേധാത്മക സമീപനമാണ് വിദ്യാഭ്യാസവകുപ്പ് സ്വീകരിച്ചത്. ഇത് അങ്ങേയറ്റം നീതിനിഷേധമാണ്.

ആയതിനാൽ താഴെപ്പറയുന്ന കാര്യങ്ങൾ അടിയന്തിരമായി നടപ്പിൽ വരുത്തണമെന്ന് സീറോമലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്നു

  1. എൻ. എസ്. എസ്. മാനേജ്മെന്റിലെ നിയമനങ്ങൾ റെഗുലറൈസ് ചെയ്ത ഉത്തരവിന്റെ ആനുകൂല്യം മറ്റു മാനേജ്മെന്റുകളിലെ നിയമനങ്ങൾക്കും ബാധകമാക്കണം
  2. 2021 മുതൽ സ്ഥിരം തസ്തികളിലേക്ക് നിയമിക്കപ്പെട്ട ദിവസവേതനം മാത്രം കൈപ്പറ്റുന്ന അധ്യാപകരുടെ നിയമനങ്ങൾ എത്രയും വേഗം റെഗുലറൈസ് ചെയ്യണം.
  3. ശമ്പളസ്കെയിൽ പ്രകാരം ശമ്പളകുടിശിക കണക്കാക്കി മോണിട്ടറി ബെനഫിറ്റ്സ്, പ്രൊബേഷൻ, ഇൻക്രിമെന്റ്, അവധി ആനുകൂല്യങ്ങൾ എന്നിവ അവർക്ക് അനുവദിച്ചു നൽകണം.

4 . എയ്ഡഡ് സ്കൂളുകളിലെ നിയമാനുസൃത ഒഴിവുകളിലേക്ക് നടത്തപ്പെടുന്ന അംഗീകൃത യോഗ്യതയുള്ള അധ്യാപക – അനദ്ധ്യാപക നിയമനങ്ങൾ, ഉദ്യോഗസ്ഥ അലംഭാവവും നടപടിക്രമങ്ങളിലെ നൂലാമാലകളും മൂലം റെഗുലറൈസ് ചെയ്യപ്പെടുന്നതിനു കാലതാമസം അവസാനിപ്പിക്കണം

  1. പ്രസ്തുത വിഷയങ്ങളിൽ പൊതുവിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്യുന്നവർക്ക് മുഖ്യമന്ത്രി ഇടപെട്ട് നീതിപൂർവമായ നിർദേശം നൽകണം.

ഒക്ടോബർ 6-ാം തീയതി ചേർന്ന യോഗത്തിൽ കമ്മീഷൻ ചെയർമാൻ ആർച്ചുബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. കമ്മീഷൻ കൺവീനർ ആർച്ചുബിഷപ് മാർ തോമസ് തറയിൽ, സിനഡ് സെക്രട്ടറിയും കമ്മീഷൻ മെമ്പറുമായ ആർച്ചുബിഷപ് മാർ ജോസഫ് പാംപ്ലാനി, സഭയുടെ ചാൻസിലർ ഫാ. ഡോ. എബ്രാഹം കാവിൽപുരയിടത്തിൽ, കമ്മീഷൻ സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലിൽ എന്നിവർ പങ്കെടുത്തു.ഫാ ടോം ഓലിക്കരോട്ട്
പി. ആർ. ഒ., സീറോമലബാർ സഭ

Tags

Share this story

From Around the Web