"എന്റെ മകന്‍ പാവമായിരുന്നു, ഒരു പെണ്ണിനോടും അവന്‍ മോശമായി പെരുമാറിയിട്ടില്ല"; ദീപക്കിന്റെ മാതാപിതാക്കള്‍
കോഴിക്കോട്: ഷിംജിതയെ എത്രയും വേഗം പിടികൂടണമെന്ന് ബസില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ ജീവനൊടുക്കിയ ദീപക്കിന്റെ മാതാപിതാക്കള്‍. ഒരമ്മയ്ക്കും അച്ഛനും ഈ യോഗമുണ്ടാകരുതെന്നും മാതാപിതാക്കള്‍ പറഞ്ഞു.
"എന്റെ മകന്‍ പാവമായിരുന്നു, ഒരു പെണ്ണിനോടും അവന്‍ മോശമായി പെരുമാറിയിട്ടില്ല. ഞങ്ങളേയും കൂടി കൊണ്ടുപോകണമായിരുന്നു"- ദീപക്കിന്റെ അമ്മയുടെ വാക്കുകള്‍. ഷിംജിതയെ എത്രയും വേഗം പിടികൂടണമെന്നും എങ്കിലേ മകന് നീതി കിട്ടുകയുള്ളൂവെന്നും ദീപക്കിന്റെ പിതാവ് ചോയി പറഞ്ഞു.
ദീപക്കിന്റെ മരണത്തില്‍ വടകര സ്വദേശി ഷിംജിതയ്‌ക്കെതിരെ കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തിരുന്നു. ദീപക്കിന്റെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇതിനു പിന്നാലെ ഷിംജിത ഒളിവില്‍ പോയെന്നാണ് പൊലീസ് കരുതുന്നത്. ഷിംജിതയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള നടപടികളും പൊലീസ് ആരംഭിച്ചു. അന്വേഷണ സംഘം സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്.