ആഗോള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനല്ല, സുവിശേഷം പങ്കുവെയ്ക്കുന്നതിനാണ് എന്റെ മുൻഗണന: പാപ്പ

ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനെന്ന നിലയില്‍ തന്റെ പ്രധാന ദൗത്യം ആഗോള പ്രതിസന്ധികൾ പരിഹരിക്കുകയല്ല, മറിച്ച് കത്തോലിക്ക വിശ്വാസികളുടെ വിശ്വാസത്തിൽ അവരെ സ്ഥിരീകരിക്കുകയും ലോകവുമായി സുവിശേഷം പങ്കിടുകയും ചെയ്യുക എന്നതാണെന്നു ലെയോ പതിനാലാമൻ മാർപാപ്പ.
പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇതാദ്യമായി അനുവദിച്ച ഔപചാരിക അഭിമുഖത്തില്‍ ക്രക്സ് സീനിയർ കറസ്‌പോണ്ടന്റ് എലീസ് ആൻ അലനുമായി സംസാരിക്കുകയായിരിന്നു പാപ്പ.
ലോകത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നതു എന്റെ പ്രധാന കര്‍ത്തവ്യമായി കാണുന്നില്ല. വാസ്തവത്തിൽ, സഭയ്ക്ക് ഒരു ശബ്ദമുണ്ടെന്ന് ഞാൻ കരുതുന്നു, പ്രസംഗിക്കപ്പെടേണ്ടതും ഉച്ചത്തിൽ സംസാരിക്കേണ്ടതും സുവിശേഷത്തിന്റെ സന്ദേശമാണെന്നും ലെയോ പാപ്പ പറഞ്ഞു.
എൽജിബിടി വിഷയം, വനിത ഡീക്കന്മാരുടെ സാധ്യത, സിനഡാലിറ്റി, പരമ്പരാഗത ലത്തീന്‍ കുർബാന എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങളില്‍ പാപ്പ അഭിപ്രായം പറഞ്ഞു. ലൈംഗികതയെക്കുറിച്ചും വിവാഹത്തെക്കുറിച്ചും സഭ പഠിപ്പിക്കുന്ന പ്രബോധനത്തില്‍ മാറ്റം വരുത്താനുള്ള സാധ്യത തീരെ കുറവാണെന്നും പാപ്പ വ്യക്തമാക്കി.