സ്ത്രീകള്‍ക്കെതിരെ അപവാദ പ്രചാരണത്തിന് തുടക്കം കുറിച്ച ആളാണ് എംവി ഗോവിന്ദന്‍; എന്നെ പഠിപ്പിക്കാന്‍ വരണ്ട; വിഡി സതീശന്‍

കൊച്ചി: സ്ത്രീകള്‍ക്കെതിരായ അപവാദ പ്രചാരണത്തിന് തുടക്കം കുറിച്ച ആളാണ് എംവി ഗോവിന്ദനെന്നും ഇക്കാര്യത്തില്‍ തന്നെ പഠിപ്പിക്കാന്‍ അദ്ദേഹം വരേണ്ടെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.
ആന്തൂരിലെ സാജന്‍ ആത്മഹത്യ ചെയ്തപ്പോള്‍ അവിടുത്തെ നഗരസഭാ ചെയര്‍പേഴ്‌സണെ ഒന്നാം പ്രതിയാക്കാതിരിക്കാന്‍ വേണ്ടി അദ്ദേഹത്തിന്റെ ഭാര്യക്കെതിരെ ദേശാഭിമാനി പത്രത്തില്‍ അപവാദപ്രചാരണം തുടങ്ങിവച്ച ആളാണ് ഗോവിന്ദന്‍. അയാള്‍ സ്ത്രീകള്‍ക്കെതിരായ അപവാദപ്രചാരണത്തെ കുറിച്ച് തന്നെ പഠിപ്പിക്കേണ്ടന്ന് വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസിന് മുന്നില്‍ ഒരാക്ഷേപം വന്നപ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ചെയ്യാത്ത കാര്യമാണ് ചെയ്തത്. സിപിഎം നേതാക്കന്‍മാര്‍ക്കെതിരെ പുറത്തുവന്ന കാര്യം അന്വേഷിക്കേണ്ടത് അവരാണ്്. വിഎസ് അച്യുതാനന്ദന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഒരുവ്യക്തിയുടെ യൂട്യൂബ് ചാനലിലാണ് ആദ്യം ഇക്കാര്യം വന്നത്. കോണ്‍ഗ്രസ് ഹാന്‍ഡിലുകള്‍ അത് പ്രചരിപ്പിച്ചുകാണും.
കഴിഞ്ഞ ഒരുമാസമായി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഏകപക്ഷീയമായി ഇത്തരം ആക്ഷേപങ്ങള്‍ വന്നപ്പോള്‍ ഒരു സ്ത്രീ പക്ഷവും മനുഷ്യാവകാശവും കണ്ടില്ല. കെജെ ഷൈന്റെ പരാതിയില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത് നല്ലകാര്യം. ഉമ്മന്‍ ചാണ്ടിയുടെ മകളെ പുതുപ്പള്ളി തെരഞ്ഞെടുപ്പ് കാലത്ത് അപമാനിച്ചല്ലോ?.
അതിനുമുന്‍പ് വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോള്‍ നിയമസഭയില്‍ വച്ച് അപമാനിച്ചു. എന്നിട്ട് പരാതി കൊടത്തു. കേസ് എടുത്തതല്ലാതെ ഒരു നടപടിയും സ്വീകരിച്ചില്ല. സൈബര്‍ ആക്രമണത്തില്‍ ഇരട്ടനീതിയാണ് ഈ സര്‍ക്കാര്‍ കാണിക്കുന്നത് വിഡി സതീശന്‍ പറഞ്ഞു.