'വെള്ളിയാഴ്ച മട്ടന്‍, ശനിയാഴ്ച ചിക്കന്‍'; ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രജ്വല്‍ രേവണ്ണക്ക് ജയിലില്‍ ഇനി മാസശമ്പളം വെറും 540 രൂപ

 
222

ബംഗളൂരു: ഒരിക്കല്‍ പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ മാസം 1.2 ലക്ഷം പ്രതിമാസം ശമ്പളം ലഭിച്ച മുന്‍ ജെഡി (എസ്) എംപി പ്രജ്വല്‍ രേവണ്ണയ്ക്ക് ഇനി ജയിലില്‍ പ്രതിമാസം 540 രൂപയാണ് ലഭിക്കുക.

ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവ് ശിക്ഷ ഔദ്യോഗികമായി പ്രജ്വല്‍ രേവണ്ണ ആരംഭിച്ചു. 2024 ഏപ്രിലില്‍ അദ്ദേഹം എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടിരുന്നു.

33 വയസ്സുകാരനായ പ്രജ്വല്‍ രേവണ്ണയെ 15528ാം നമ്പര്‍ തടവുകാരനായി കുറ്റവാളികളെ പാര്‍പ്പിക്കുന്ന ബാരക്കിലെ സെല്ലിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ജയിലില്‍ വെള്ള നിറത്തിലുള്ള യൂണിഫോമാണ് പ്രജ്വല്‍ രേവണ്ണ ധരിക്കേണ്ടത്.

ജയിലില്‍ അദ്ദേഹത്തിന് ഇപ്പോള്‍ ദിവസവും എട്ട് മണിക്കൂര്‍ നിര്‍ബന്ധമായി ചെയ്യേണ്ട ജോലികളുമുണ്ട്. മറ്റേത് തടവുപുള്ളിക്കും ലഭിക്കുന്ന പരിഗണന മാത്രമേ പ്രജ്വലിനും ലഭിക്കൂ. അടുത്ത തിങ്കളാഴ്ച മുതല്‍ ജയിലിലെ ജോലികള്‍ അദ്ദേഹം ചെയ്തു തുടങ്ങണമെന്നാണ് ജയില്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.

ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ ഇല്ലെങ്കില്‍ എല്ലാ തടവുപുള്ളികളും ആഴ്ചയില്‍ ആറ് ദിവസവും ഷിഫ്റ്റ് അടിസ്ഥാനത്തില്‍ എട്ടുമണിക്കൂര്‍ ജോലി ചെയ്യണം. അതിനാല്‍ ജയിലില്‍ അടുക്കള, പൂന്തോട്ട പരിപാലനം, തൊഴുത്ത്, പച്ചക്കറി കൃഷി, ആശാരിപ്പണി, കരകൗശല വസ്തു നിര്‍മാണം തുടങ്ങി ഏതെങ്കിലും ഒരു ജോലി പ്രജ്വല്‍ രേവണ്ണ തിരഞ്ഞെടുക്കേണ്ടതുണ്ട്.

ദിവസം എട്ട് മണിക്കൂര്‍ വീതം ജോലി ചെയ്യുന്നതിനു മാസം 540 രൂപയാണ് ശമ്പളം ലഭിക്കുക. ചൊവ്വാഴ്ച മുട്ടയും, എല്ലാ മാസവും ആദ്യത്തെയും മൂന്നാമത്തെയും വെള്ളിയാഴ്ച മട്ടനും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച ചിക്കനും ലഭിക്കും. ബാക്കി ദിവസങ്ങളില്‍ വെജിറ്റേറിയന്‍ ഭക്ഷണവുമായിരിക്കും ലഭിക്കുക.

ഹാസനിലെ ഫാം ഹൗസില്‍ വച്ച് 48 വയസ്സുള്ള വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കേസിലാണ്പ്രജ്വല്‍ രേവണ്ണയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷയും 5 ലക്ഷം രൂപ പിഴയും വിധിച്ചത്. ബെംഗളൂരുവിലെ ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക കോടതിയുടേതായിരുന്നു വിധി. പ്രജ്വലിന്റേത് അതീവ ഗുരുതരമായ കുറ്റമെന്ന് കോടതി നിരീക്ഷിച്ചു. തനിക്ക് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് പ്രജ്വല്‍ രേവണ്ണ ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളുകയായിരുന്നു.

Tags

Share this story

From Around the Web