2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാനൊരുങ്ങി മുസ്‌ലിം ലീഗ്, കൂടുതൽ സീറ്റുകളിൽ മത്സരിക്കാൻ എല്ലാ കക്ഷികൾക്കും താല്പര്യം ഉണ്ടാകും

2026ലെ നിയമസഭ തെരെഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാനൊരുങ്ങി മുസ്‌ലിം ലീഗ്. പുതിയതായി നാലു സീറ്റുകൾ അധികം ആവശ്യപ്പെടാനാണ് നീക്കം.
വടക്കൻ ജില്ലകളിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാണ് മുസ്‌ലിം ലീഗിൻ്റെ നീക്കം. കോഴിക്കോട് വയനാട് ജില്ലകളിൽ കൂടുതൽ സീറ്റുകൾ വേണമെന്ന നിലപാടിലാണ് ലീഗ്. കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടിയോ നാദാപുരമോ വെണമെന്ന നിലപാടിലാണ് ലീഗ് നേതൃത്വം.
വയനാട് ജില്ലയിൽ കൽപ്പറ്റ സീറ്റാണ് ലീഗ് കണ്ണുവെയ്ക്കുന്നത്. ഒത്തുതീർപ്പ് എന്ന നിലയിൽ സംവരണ മണ്ഡലമായ മാനന്തവാടിയും ലീഗ് ആവശ്യപ്പെട്ടേക്കും.
കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി വിട്ട് കൊടുത്ത് പകരം തവനൂരോ പട്ടാമ്പിയോ ലഭിക്കണമെന്നതാണ് ലീഗിൻ്റെ നിലപാട്. ഇതിനിടെ വടക്കൻ കേരളത്തിന് പുറത്തേയ്ക്ക് സ്വാധീനം വളർത്തുക എന്ന ലക്ഷ്യത്തോടെ തെക്കൻ കേരളത്തിലെ ഏതെങ്കിലും സീറ്റും ലീഗ് ആവശ്യപ്പെട്ടേക്കാം.
എന്നാൽ യുഡിഎഫിലെ ചർച്ചകൾക്ക് ശേഷമേ പറയാനാകൂവെന്നും സീറ്റുകൾ എങ്ങനെ പങ്കുവെക്കണം എന്ന് യുഡിഎഫിൽ ചർച്ച ചെയ്ത് തീരുമാനം എടുക്കുമെന്നുമായിരുന്നു ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാമിൻ്റെ പ്രതികരണം.
യുഡിഎഫിൽ നിന്ന് അനുവദിക്കുന്ന മുഴുവൻ സീറ്റിലും മുസ്‌ലിം ലീഗ് മത്സരിക്കുമെന്നും യുഡിഎഫിലെ എല്ലാ സ്ഥാനാർഥികളെയും വിജയിപ്പിക്കാൻ ലീഗ് അതിന്റെ എല്ലാ കഴിവും വിനിയോഗിക്കുമെന്നും മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു.