നെടുമങ്ങാട്ടെ ഒന്നരവയസ്സുകാരന്റെ കൊലപാതകം: തെളിവെടുപ്പിനിടെ പ്രതിക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം; അക്രമം നടന്ന വീട് സംബന്ധിച്ചും ദുരൂഹത
നെടുമങ്ങാട്: നെടുമങ്ങാട് ഒന്നരവയസ്സുകാരൻ അർഷിദിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി അഷ്‌കറിനെ പോലീസ് തെളിവെടുപ്പിനായി സംഭവസ്ഥലത്തെത്തിച്ചു. അഷ്‌കറും കുഞ്ഞിന്റെ അമ്മ അഖിലയും താമസിച്ചിരുന്ന നെല്ലിക്കുന്ന് കരിക്കുഴിയിലെ വാടക വീട്ടിലായിരുന്നു തെളിവെടുപ്പ്.
തെളിവെടുപ്പിനിടെ സ്ഥലത്ത് വൻ സംഘർഷാവസ്ഥ ഉടലെടുത്തു. അഷ്‌കറിനെ കണ്ടതോടെ പ്രകോപിതരായ നാട്ടുകാർ ഇയാൾക്ക് നേരെ ആക്രോശിച്ചുകൊണ്ട് പാഞ്ഞടുക്കുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തു. പോലീസ് വലിയ പാടുപെട്ടാണ് പ്രതിയെ സ്ഥലത്തുനിന്ന് മാറ്റിയത്. ഇതിനിടെ, ഇന്ന് പുലർച്ചെ പ്രതിയുടെ വാഹനം ബൈക്കിലെത്തിയ അജ്ഞാത സംഘം അടിച്ചുതകർത്തിരുന്നു.
ആറുമാസം മുൻപാണ് അഷ്‌കർ ഈ പ്രദേശത്തെ വാടക വീട്ടിലേക്ക് താമസം മാറിയത്. രണ്ട് മാസം മുൻപാണ് അഖിലയും കുഞ്ഞും ഇവിടേക്ക് എത്തിയത്. പരിസരത്ത് വീടുകൾ വളരെ കുറവായതിനാലും അധികം ആളുകളുമായി ഇടപെടാത്ത സ്വഭാവക്കാരായതിനാലും അഷ്‌കർ മനഃപൂർവം ഇത്തരമൊരു സ്ഥലം തിരഞ്ഞെടുത്തതാണോ എന്ന സംശയം നാട്ടുകാർക്കിടയിൽ ഉയരുന്നുണ്ട്. കുഞ്ഞിനെ അധികം പുറത്തേക്ക് കണ്ടിരുന്നില്ലെന്നും അയൽവാസികൾ മൊഴി നൽകി.
ചോറ് നൽകുന്നതിനിടെ കുഞ്ഞ് കരഞ്ഞെന്നും, കരച്ചിൽ നിർത്താത്തതിനെ തുടർന്ന് തലയിൽ ശക്തമായി അടിച്ചെന്നുമാണ് അഷ്‌കർ പോലീസിനോട് സമ്മതിച്ചിരിക്കുന്നത്. എന്നാൽ, ശരീരത്തിലെ മുറിവുകളും എല്ലുകൾ ഒടിഞ്ഞതും പരിശോധിക്കുമ്പോൾ കുഞ്ഞ് ദീർഘനാളായി അഷ്‌കറിന്റെ ക്രൂര പീഡനത്തിന് ഇരയായിരുന്നുവെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
കുഞ്ഞിന്റെ കൊലപാതകത്തിൽ അമ്മ അഖിലയ്ക്കുള്ള പങ്കും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പ്രദേശവാസികൾ വലിയ പ്രതിഷേധത്തിലാണ്.