ഒന്നിലധികം വിമാനത്താവളങ്ങളുള്ള ആഗോള നഗരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചു മുംബൈയും. നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്ര സർക്കാരിൻ്റെ ഭാവിയിലേക്കുള്ള കാഴ്ചപ്പാടിൻ്റെ നേർക്കാഴ്ച
 

 
modi


മുംബൈ: നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം യാഥാർഥ്യമായതോടെ ഒന്നിലധികം വിമാനത്താവളങ്ങളുള്ള ആഗോള നഗരങ്ങളുടെ പട്ടികയില്‍ മുംബൈയും ഇടംപിടിച്ചു.  ലണ്ടന്‍, ന്യൂയോര്‍ക്ക്, ടോക്കിയോ എന്നിവയാണ് ഈ പട്ടികയിലുള്ള മറ്റ് നഗരങ്ങള്‍. 
ഭാവിയിലെ ഇന്ത്യൻ നഗരങ്ങളും വിമാനത്താവളങ്ങളും എങ്ങനെയായിരിക്കണമെന്ന കേന്ദ്ര സർക്കാരിൻ്റെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും കാഴ്ചപ്പാടിൻ്റെ നേർക്കാഴ്ചയാണ് നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം. ഒട്ടേറെ പ്രത്യേകതകളാണ് ഈ ആധുനി വിമാനത്താവളത്തിനുള്ളത്.
ഇന്ത്യയിലെ ആദ്യത്തെ സമ്മർദ്ദരഹിത വിമാനത്താവളമായിരിക്കും  നവി മുംബൈയിലേത്. 

സമ്മർദ്ദരഹിതമെന്നു വിശേഷിപ്പിക്കാനും ചില കാരണങ്ങൾ ഉണ്ട്. ആധുനിക  ഡിജിറ്റൽ യുഗത്തിലെ യാത്ര
യാത്രക്കാരുടെ സാധാരണ തലവേദനകളായ തിരക്ക്, കാത്തിരിപ്പ്, ലഗേജ് നഷ്ടപ്പെടൽ എന്നിവ പൂർണ്ണമായും ഒഴിവാക്കാനാണ് നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം (NMIA ) ലക്ഷ്യമിടുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഒരു ഡിജി യാത്ര തന്നെയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

പൂർണമായും ഡിജി യാത്ര പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്നതിനാൽ, യാത്രക്കാർക്ക് പേപ്പർ രഹിതവും കോൺടാക്റ്റ്‌ലെസ്വുമായ (സ്പർശമില്ലാത്ത) യാത്ര സാധ്യമാകും. ടെർമിനൽ പ്രവേശനം, സുരക്ഷാ പരിശോധന, ബോർഡിംഗ് എന്നിവയെല്ലാം ഫേസ് ഐഡൻ്റിഫിക്കേഷൻ സംവിധാനം വഴി വേഗത്തിൽ പൂർത്തിയാക്കാം.
 ലഗേജ് നഷ്ടപ്പെടുമോ എന്ന ആശങ്കയും യാത്രക്കാർക്ക് ഒഴിവാക്കാം.  യാത്രക്കാർക്ക് അവരുടെ മൊബൈൽ ആപ്പ് വഴി ലഗേജ് എവിടെയെത്തി, ഏത് കൺവെയർ ബെൽറ്റിലാണ് വരുന്നത് എന്നതുൾപ്പെടെയുള്ള തത്സമയ വിവരങ്ങൾ ലഭിക്കും.
ഉദാഹരണത്തിന്, നിങ്ങളുടെ ബാഗ് കറങ്ങുന്ന കണ്‍വെയര്‍ ബെല്‍റ്റില്‍ ഇരുപതാമത്തേതാണ് എന്ന് അറിയിക്കുന്ന ഒരു സന്ദേശം നിങ്ങളുടെ ഫോണില്‍ ലഭിക്കും.


സമയം ലാഭിക്കാൻ  വാഹന പാർക്കിംഗ് സ്ലോട്ടുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം, ഓൺലൈൻ ബാഗേജ് ഡ്രോപ്പ് കൗണ്ടറുകൾ, എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പാസഞ്ചർ മാനേജ്‌മന്റ് സിസ്റ്റങ്ങൾ എന്നിവ കാത്തിരിപ്പ് സമയം കുറയ്ക്കും.


മൾട്ടി-മോഡൽ കണക്റ്റിവിറ്റി നവി മുംബൈ എയർപോർട്ടിനെ കൂടുതൽ സ്വീകാര്യമാക്കുന്നു.
റോഡ്, റെയിൽ, മെട്രോ, ജലഗതാഗതം എന്നിവയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളമായിരിക്കുമിത്. അടൽ സേതു (മുംബൈ ട്രാൻസ് ഹാർബർ ലിങ്ക്) വഴി മുംബൈ നഗരത്തിൽ നിന്നും വാട്ടർ ടാക്സി വഴി സമീപപ്രദേശങ്ങളിൽ നിന്നും വേഗത്തിൽ ഇവിടെ എത്താൻ സാധിക്കും.

ടെർമിനലിന് ആദ്യഘട്ടത്തിൽ പ്രതിവർഷം 2 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുണ്ട്. വിശാലമായ ഡിജിറ്റൽ ആർട്ട് ഇൻസ്റ്റാളേഷനുകളും കഫേകളും ഷോപ്പുകളും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ യാത്രക്കാർക്ക് ശാന്തമായ അന്തരീക്ഷം നൽകും.


മുംബൈ മെട്രോപൊളിറ്റൻ മേഖലയുടെ വ്യോമയാന ചരിത്രത്തിൽ നാഴികക്കല്ലായ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ  ആദ്യ ഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ്  ഉദ്ഘാടനം ചെയ്തത്. ഏകദേശം 19,650 കോടി രൂപ ചെലവിലാണ് വിമാനത്താവളം നിർമ്മിച്ചിരിക്കുന്നത്. സിറ്റി ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനുമായി ചേര്‍ന്ന് അദാനി ഗ്രൂപ്പാണ് അഞ്ച് ഘട്ടങ്ങളിലായി എയർപോർട്ട്  വികസിപ്പിക്കുന്നത്.


ഡിസംബർ മാസത്തോടെ വാണിജ്യ വിമാന സർവീസുകൾ ഇവിടെ നിന്ന് ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 

 
ഇൻഡിഗോ, എയർ ഇന്ത്യ എക്‌സ്‌പ്രസ്, ആകാശ എയർ തുടങ്ങിയ പ്രധാന വിമാനക്കമ്പനികൾ ഇവിടെ യിൽ നിന്ന് സർവീസുകൾ ആരംഭിക്കാൻ പദ്ധതിയിടുന്നുണ്ട്.
എയർപോർട്ട് പൂർണമായി പ്രവർത്തനക്ഷമമാകുമ്പോൾ പ്രതിവർഷം 9 കോടി യാത്രക്കാരെയും 3.25 ദശലക്ഷം മെട്രിക് ടൺ ചരക്കുകളും കൈകാര്യം ചെയ്യാൻ വിമാനത്താവളത്തിന് ശേഷിയുണ്ടാകും. രണ്ട് സമാന്തര റൺവേകളും നാല് ടെർമിനലുകളും ഉൾപ്പെടെയുള്ള വികസനം ഘട്ടം ഘട്ടമായി 2036 ഓടെ പൂർത്തിയാകും. ഇത് മേഖലയിൽ രണ്ട് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നത്.

Tags

Share this story

From Around the Web