എംപിമാർ നിയമസഭയിലേക്ക് മത്സരിക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളി ; ഇരുമുന്നണികൾക്കുമെതിരെ രൂക്ഷവിമർശനവുമായി കത്തോലിക്കാ കോൺഗ്രസ്
കോഴിക്കോട്: എംപിമാർ രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കുന്ന പ്രവണതയ്‌ക്കെതിരെയും ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ടിലെ അവഗണനയ്‌ക്കെതിരെയും രൂക്ഷവിമർശനവുമായി കത്തോലിക്കാ കോൺഗ്രസ്. എംപിമാർ വീണ്ടും മത്സരിക്കുന്നത് ജനാധിപത്യത്തെ അവഹേളിക്കുന്നതിനും ജനങ്ങളെ പരിഹസിക്കുന്നതിനും തുല്യമാണെന്ന് താമരശേരി രൂപതാ പ്രസിഡന്റ് ഡോ. ചാക്കോ കാളാംപറമ്പിൽ പറഞ്ഞു.
നിലവിലുള്ള എംപിമാർ നിയമസഭയിലേക്ക് മത്സരിക്കുന്നത് ഖജനാവിന് അനാവശ്യമായ അധിക ബാധ്യതയുണ്ടാക്കും. ഇത് ഒഴിവാക്കി നിയമസഭയിലേക്ക് പുതിയ ആളുകൾക്ക് അവസരം നൽകണമെന്നാണ് കത്തോലിക്കാ കോൺഗ്രസിന്റെ നിലപാട്. റിപ്പോർട്ട് നടപ്പിലാക്കുന്ന കാര്യത്തിൽ ഇരുമുന്നണികളും ക്രൈസ്തവ സമുദായത്തോട് ചിറ്റമ്മ നയമാണ് സ്വീകരിക്കുന്നത്. ശുപാർശകൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെടാത്ത പ്രതിപക്ഷത്തിന്റെ നിലപാട് ആശങ്കയുളവാക്കുന്നതാണ്.
റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കിയെന്ന് പറഞ്ഞ് സർക്കാർ ദുരൂഹത സൃഷ്ടിക്കുകയാണ്. ആർക്കുവേണ്ടിയാണ് ഇത് നടപ്പാക്കിയതെന്നും ആർക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചതെന്നും വ്യക്തമല്ല. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള സർക്കാരിന്റെ പ്രതികരണം സമുദായത്തെ വഞ്ചിക്കലാണ്. ക്രൈസ്തവ സമുദായം അനുഭവിക്കുന്ന അനീതിക്കും ബോധപൂർവമായ അവഗണനയ്ക്കുമെതിരെ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായ വിധിഎഴുത്തുണ്ടാകുമെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ വ്യക്തമാക്കി. ദീപിക ദിനപത്രത്തിലെ ലേഖനത്തിലൂടെയാണ് അദേഹം സഭയുടെ നിലപാട് വ്യക്തമാക്കിയത്.
സംസ്ഥാനത്തെ ക്രൈസ്തവരുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥയും ക്ഷേമവും സംബന്ധിച്ച പഠന റിപ്പോർട്ടാണ് ജെ ബി കോശി കമ്മീഷൻ 2023 മെയ് 17 ന് സമർപ്പിച്ചത്. ഇത് നടപ്പാക്കാത്തത് ചരിത്രപരമായ അനീതിയാണെന്നും സഭ ചൂണ്ടിക്കാട്ടുന്നു.