2025-ൽ വത്തിക്കാനിലെ വിവിധ പരിപാടികളിൽ പങ്കെടുത്തത് മൂന്ന് ദശലക്ഷത്തിലധികം ആളുകൾ
2025-ൽ വത്തിക്കാനിൽ നടന്ന വിവിധ ആരാധനക്രമ ആഘോഷങ്ങളിൽ പങ്കെടുത്ത വിശ്വാസികളുടെ എണ്ണം ആകെ 31,76,620 ആയി. 2025-ലെ ആരാധനക്രമ ആഘോഷങ്ങളുടെ ഹാജർ കണക്കുകൾ ഡിസംബർ 30- നാണ് വത്തിക്കാൻ പുറത്തിറക്കിയത്. പ്രത്യാശയുടെ ജൂബിലി, ഫ്രാൻസിസ് മാർപാപ്പയുടെ മരണം, മെയ് മാസത്തിൽ ലെയോ പതിനാലാമൻ മാർപാപ്പയുടെ തിരഞ്ഞെടുപ്പ് എന്നിവ 2025 ലെ വത്തിക്കാനിലെ പ്രധാന സംഭവങ്ങളായിരുന്നു.
ഏപ്രിൽ 21-ന് അന്തരിച്ച ഫ്രാൻസിസ് പാപ്പ, മാർപാപ്പയായിരുന്നപ്പോൾ വത്തിക്കാനിലെത്തിയത് 2,62,820 വിശ്വാസികളാണ്. ഫ്രാൻസിസ് പാപ്പയുടെ മരണത്തെ തുടർന്ന് 1,30,000 പേർ വത്തിക്കാനിലെത്തി. തുടർന്ന് 62,000 വിശ്വാസികൾ ആരാധനക്രമ ആഘോഷങ്ങളിലും സന്നിഹിതരായി.
പൊതു, ജൂബിലി സദസ്സുകളിൽ 60,500 പേർ പങ്കെടുത്തു, പ്രത്യേക സദസ്സുകളിൽ ആകെ 10,320 പേർ പങ്കെടുത്തു. ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത മാസങ്ങൾ ജനുവരി, ഫെബ്രുവരി മാസങ്ങളായിരുന്നു, പ്രത്യേകിച്ച് ആഞ്ചലസിനും ആരാധനക്രമ ആഘോഷങ്ങൾക്കുമായിട്ടാണ് വിശ്വാസികളെത്തിയത്. റോമിലെ ജെമെല്ലി ആശുപത്രിയിൽ ദീർഘകാലം താമസിച്ചിരുന്നതിനാൽ മാർച്ച് മാസത്തിൽ ഫ്രാൻസിസ് മാർപാപ്പ ഒരു ചടങ്ങിലും അധ്യക്ഷത വഹിക്കുകയോ യോഗങ്ങളോ സദസ്സുകളോ നടത്തുകയോ ചെയ്തില്ല.
മെയ് എട്ടിന് ആരംഭിച്ച ലെയോ പതിനാലാമൻ മാർപാപ്പയുടെ പൊന്തിഫിക്കേറ്റിൽ ആകെ 29,13,800 വിശ്വാസികൾ വിവിധ പരിപാടികളിൽ പങ്കെടുത്തു. പൊതു, ജൂബിലി സദസ്സുകളിൽ ഏറ്റവും കൂടുതൽ പേർ, അതായത് 10,69,000 പേർ പങ്കെടുത്തു. തുടർന്ന് ആഞ്ചലൂസിൽ 9,00,000 പേരും ആരാധനാക്രമ ആഘോഷങ്ങളിൽ 7,96,500 പേരും സന്നിഹിതരായി.
വത്തിക്കാനിലെ പ്രത്യേക സദസ്സുകളിൽ 1,48,300 പേർ ഒത്തുകൂടി. ഏറ്റവും കൂടുതൽ പേർ പങ്കെടുത്ത മാസങ്ങൾ സെപ്റ്റംബർ, ഒക്ടോബർ, ഡിസംബർ മാസങ്ങളായിരുന്നു. ഒക്ടോബർ മാസത്തിൽ പൊതു സദസ്സുകളിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു.