ചൈനയിൽ ക്രിസ്ത്യൻ വിശ്വാസികൾക്കെതിരെ നടപടി: 30ലധികം പാസ്റ്റർമാരെ അറസ്റ്റ് ചെയ്തു

 
3333

ബെയ്ജിങ്: ചൈനയില്‍ ക്രിസ്ത്യന്‍ വിശ്വാസികള്‍ക്കെതിരെ നടപടിയെന്ന് റിപ്പോര്‍ട്ട്. സ്വതന്ത്ര സഭയായ സിയോണ്‍ സഭയുടെ മുപ്പതിലധികം പാസ്റ്റര്‍മാരെയാണ് അടുത്തിടെയായി അറസ്റ്റ് ചെയ്തത്. ഇതില്‍ സിയോണ്‍ സഭയുടെ സ്ഥാപകനും പ്രമുഖ പാസ്റ്ററുമായ ജിന്‍ മിംഗ്രിയും ഉള്‍പ്പെടും. അറസ്റ്റും നടപടികളും ഇനിയും തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ക്രിസത്യന്‍ വിശ്വാസികള്‍ക്കെതിരെ ചൈന നേരത്തെയും നടപടി എടത്തിരുന്നുവെങ്കിലും കുറെനാളുകള്‍ക്ക് ശേഷമാണ് പാസ്റ്റര്‍മാരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുന്നതെന്ന് ബിബിസി പറയുന്നു. ചൈനയിൽ പാസാക്കിയ പുതിയ നിയമങ്ങൾ സഭാ പ്രവർത്തനങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയുള്ളതാണെന്നും സഭാംഗങ്ങളുടെ മേൽ അധികാരികൾക്ക് നോട്ടമുണ്ടെന്നും ബിബിസി ചൂണ്ടിക്കാണിക്കുന്നു.

നിരീശ്വരവാദം പ്രോത്സാഹിപ്പിക്കുന്ന ചൈനയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ഭരിക്കുന്നതെങ്കിലും സര്‍ക്കാര്‍ കണക്കുകളില്‍ 3.8 കോടി പ്രൊട്ടസ്റ്റന്റുകളും 60 ലക്ഷത്തോളം കത്തോലിക്കാ സഭാ വിശ്വാസികളുമുണ്ട്. ഇത് ചൈന അംഗീകരിച്ച ക്രിസ്ത്യന്‍ സഭകളില്‍ അംഗങ്ങളായവരുടെ മാത്രം കണക്കാണ്.

യുഎസില്‍ താമസിക്കുന്ന ജിന്‍ മിംഗ്രിയുടെ മകള്‍ ഗ്രേസ് ജിന്‍ ഡ്രെക്‌സലിന് അച്ഛന്‍ അയച്ച സന്ദേശമാണ് ചൈനയില്‍ നടക്കുന്ന നടപടികളേപ്പറ്റി പുറംലോകത്തെ അറിയിച്ചത്. തടവിലായ മറ്റൊരു പാസ്റ്റര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള സന്ദേശമായിരുന്നു അത്.

എന്നാല്‍, മണിക്കൂറുകള്‍ക്കകം മാതാവ് വിളിച്ച് അച്ഛനെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് അറിയിച്ചതോടെയാണ് മിംഗ്രിയും അറസ്റ്റിലായെന്ന കാര്യം കുടുംബം തിരിച്ചറിഞ്ഞത്. അദ്ദേഹമിപ്പോള്‍ ബെയ്ഹായ് ജയിലിലാണ്. ഇന്‍ഫര്‍മേഷന്‍ നെറ്റ് വര്‍ക്കിന്റെ (information networks) നിയമവിരുദ്ധ ഉപയോഗം എന്നാണ് അദ്ദേഹത്തില്‍ ആരോപിക്കുന്ന കുറ്റം എന്നാണ് ബിബിസി പറയുന്നത്.

Tags

Share this story

From Around the Web