പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്നുമുതൽ; പഹൽഗാം സുരക്ഷാ വീ‍ഴ്ച, ഇന്ത്യ – പാക് സംഘർഷത്തിലെ ട്രംപിന്‍റെ ഇടപെടൽ വിഷയങ്ങളിൽ കേന്ദ്രത്തിനെ പൂട്ടാൻ പ്രതിപക്ഷം

 
222

പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഓഗസ്റ്റ് 21 വരെയാണ് സമ്മേളനം നടക്കുക. മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ദീർഘിപ്പിക്കാനുള്ള പ്രമേയമടക്കം നിരവധി ബില്ലുകൾ സഭയിൽ കൊണ്ടുവരാനാണ് കേന്ദ്രസർക്കാറിന്‍റെ നീക്കം. അതേസമയം പഹൽഗാം ഭീരാക്രമണത്തിന് ശേഷം നടക്കുന്ന ആദ്യ സമ്മേളനത്തിൽ കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം.

ഓപ്പറേഷൻ സിന്ദൂർ, ഇന്ത്യ പാക് സംഘർഷത്തിലെ ഡൊണാൾഡ് ട്രംപിന്‍റെ ഇടപെടൽ എന്നിവയിൽ പ്രധാനമന്ത്രി സഭയിൽ നേരിട്ട് വിശദീകരണം നൽകണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. ബീഹാർ വോട്ടർ പട്ടിക, ഇതര രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം എന്നീ വിഷയങ്ങളും ചർച്ച ചെയ്യാൻ പ്രതിപക്ഷം ആവശ്യപ്പെടും. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സഭ സ്തംഭിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

ഇക്കാര്യങ്ങൾ ഇന്നലെ സർവ്വ കക്ഷി യോഗത്തിന് ശേഷം ഡോ. ജോൺ ബ്രിട്ടാസ് എം പി മാധ്യമങ്ങളെ കണ്ടപ്പോൾ വ്യക്തമാക്കിയിരുന്നു. ബീഹാർ വോട്ടർ പട്ടിക പരിഷ്ക്കരണം, ഇറാൻ – ഇസ്രായേൽ സംഘർഷം എന്നിവയും സഭയിൽ ചർച്ച ചെയ്യാനാവശ്യപ്പെട്ടിട്ടുണ്ട്. ഗവർണർമാരെ ഉപയോഗിച്ചുള്ള ഭരണ അസ്ഥിരത സൃഷ്ടിക്കലും യോഗത്തിൽ ഉന്നയിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു. പ്രതിപക്ഷ ഭരണത്തിലുള്ള സംസ്ഥാനങ്ങളുടെ ഫണ്ട് പിടിച്ചു വെക്കൽ എന്നിവയും കേന്ദ്രത്തെ ധരിപ്പിച്ചതായി ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.

പാർലമെന്റിന്റെ കീഴ്വഴക്കങ്ങൾ മോദി സർക്കാർ ലംഘിക്കുന്നതായി ചൂണ്ടിക്കാട്ടിയ ജോൺ ബ്രിട്ടാസ് എം പി സമ്മേളനത്തിന്‍റെ ആദ്യ ദിനം തന്നെ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുമെന്നും വ്യക്തമാക്കി.

Tags

Share this story

From Around the Web