മോൺ. ഫിലിപ്പോ യന്നോനെ മെത്രാന്മാരുടെ ഡിക്കാസ്റ്ററിയുടെ പുതിയ അധ്യക്ഷന്‍

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയിലെ മെത്രാന്മാർക്കുവേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ പുതിയ പ്രീഫെക്റ്റായി മോൺ. ഫിലിപ്പോ യന്നോനെയെ ലെയോ പതിനാലാമൻ പാപ്പ നിയമിച്ചു.
ഇന്നലെ സെപ്റ്റംബർ ഇരുപത്തിയാറാം തീയതിയാണ് പുതിയ നിയമന ഉത്തരവ് പാപ്പ പുറപ്പെടുവിച്ചത്. ലാറ്റിനമേരിക്കൻ സഭയുടെ പൊന്തിഫിക്കൽ കമ്മീഷൻ പ്രസിഡന്റായും ആര്‍ച്ച് ബിഷപ്പ് ഫിലിപ്പോ യന്നോനെയെ പാപ്പ നിയമിച്ചിട്ടുണ്ട്.
മെത്രാന്മാർക്കു വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ തലവനായിരുന്ന, കർദ്ദിനാൾ റോബർട്ട് പ്രെവോസ്റ്റ്, മാര്‍പാപ്പയായി പത്രോസിനടുത്ത ശുശ്രൂഷയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷമാണ്, പുതിയ നിയമനം നടത്തിയിരിക്കുന്നത്. നിയമനിർമ്മാണ വിഭാഗത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റായി സേവനം ചെയ്തു വരികയായിരിന്നു ഇറ്റാലിയന്‍ സ്വദേശിയായ ആര്‍ച്ച് ബിഷപ്പ് ഫിലിപ്പോ യന്നോനെ.
അടുത്ത മാസം ഒക്ടോബർ 15 ന് അദ്ദേഹം തന്റെ ചുമതലകൾ ഏറ്റെടുക്കും. നേപ്പിള്‍സിലെ സഹായ മെത്രാനായിരിന്ന അദ്ദേഹം വത്തിക്കാനിലെ വിവിധ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്.