മിഥുന്റെ മരണം: തേവലക്കര സ്കൂള്‍ ഭരണം സർക്കാർ ഏറ്റെടുത്തു; കൊല്ലം വിദ്യാഭ്യാസ ഓഫീസർ താല്‍ക്കാലിക മാനേജർ

തിരുവനന്തപുരം: തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ മനു ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കടുത്ത നടപടി സ്വീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. തേവലക്കര സ്കൂള്‍ മാനേജ്മെന്റ് പിരിച്ചുവിട്ടു. സ്കൂള്‍ ഭരണം സർക്കാർ ഏറ്റെടുത്തു. കൊല്ലം വിദ്യാഭ്യാസ ഓഫീസർക്കാണ് പകരം ചുമതല.
സ്കൂളില്‍ സുരക്ഷാ മുന്നൊരുക്കങ്ങൾ നടത്തുന്നതിന് മാനേജരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. മാനേജർ ആരോപണങ്ങൾക്ക് തൃപ്തികരമായ മറുപടി ലഭ്യമാക്കിയില്ല. കെഇആർ ചാപ്റ്റർ 3 (9) പ്രകാരം കടമകൾ നിർവഹിക്കാത്തതുകൊണ്ട് മാനേജർ ആർ. തുളസീധരൻ പിള്ള നടപടിക്ക് അർഹനാണെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തല്‍. ഇത് പ്രകാരമാണ് മാനേജറെ അയോഗ്യനാക്കിയത്.
എത്ര നാൾ വേണമെങ്കിലും സ്കൂളിലെ സർക്കാർ ഭരണം പോകാമെന്നും സ്കൂളിൽ ഇനി മാനേജ്മെൻറ് കമ്മിറ്റി ഇല്ലെന്നും മന്ത്രി അറിയിച്ചു. കൊല്ലം വിദ്യാഭ്യാസ ഓഫീസറാകും താല്‍ക്കാലിക മാനേജർ. മാനേജ്മെന്റ് ഫണ്ട് ഉപയോഗിച്ചാകും സ്കൂള്‍ പ്രവർത്തിക്കുക.
ഇന്നലെ വിദ്യാഭ്യസ വകുപ്പ് ഉന്നതതലയോഗം ചേർന്നിരുന്നു. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും സേഫ്റ്റി സെൽ രൂപീകരിച്ചിട്ടുണ്ട്. സ്കൂളുകളിലെ വീഴ്ചകൾ പൊതുജനങ്ങൾക്കും വിളിച്ചറിയിക്കാം. ഉചിതമായ ചെക്ക് ലിസ്റ്റ് തയ്യാറാക്കും. ജൂലൈ 31ന് വീണ്ടും ഉന്നതതല യോഗം ചേരുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.