ബിജെപി കേരള ഘടകത്തിന് മിഷന്‍ പാളുന്നു: അനുനയിപ്പിക്കാന്‍ രാജീവ് ചന്ദ്രശേഖര്‍ തൃശൂര്‍ അതിരൂപത ആസ്ഥാനത്ത്; മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി കൂടിക്കാഴ്ച നടത്തും

തൃശൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തൃശൂര്‍ അതിരൂപത ആസ്ഥാനത്തെത്തി. സിബിസിഐ അധ്യക്ഷന്‍ ആര്‍ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ടോണി നീലങ്കാവില്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിനെ തുടര്‍ന്ന് ബിജെപിയുമായുള്ള ക്രൈസ്തവ സഭകളുടെ ബന്ധം വഷളായതിനെത്തുടര്‍ന്നാണ് രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ചയ്ക്കായി എത്തിയത്.
ബിജെപി ജില്ലാ നേതാക്കളെ പുറത്ത് നിര്‍ത്തിയാണ് രാജീവ് ചന്ദ്രശേഖറും പത്മജ വേണുഗോപാലും സഭാ നേതൃത്വവുമായി കൂടിക്കാഴ്ചക്കായി അകത്തേയ്ക്ക് പ്രവേശിച്ചത്. ഇതിനിടെ രാജീവ് ചന്ദ്രശേഖറിനെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടിയന്തരമായി ഡല്‍ഹിക്ക് വിളിപ്പിച്ചിരിക്കുകയാണ്. ഇന്ന് വൈകുന്നേരം അഞ്ചോടെ അദേഹം ഡല്‍ഹിക്ക് തിരിക്കും.
കഴിഞ്ഞ ദിവസം കൊച്ചിയിലെ സിറോ മലബാര്‍ ആസ്ഥാനത്തെത്തിയും രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ശേഷം മാധ്യമങ്ങളെ കണ്ട രാജീവ് അറസ്റ്റിലായ കന്യാസ്ത്രീകള്‍ നിരപരാധികളാണെന്നും അവരുടെ മോചനത്തിനായി സഹായിക്കാമെന്ന് അമിത് ഷാ ഉറപ്പുനല്‍കിയതായും വ്യക്തമാക്കിയിരുന്നു. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിര്‍ക്കില്ലെന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്നും അദേഹം പറഞ്ഞു.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ തലശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം മൂന്ന് പെണ്‍കുട്ടികളും ഉണ്ടായിരുന്നു. ഈ പെണ്‍കുട്ടികളെ കടത്തുകയാണെന്നും നിര്‍ബന്ധിത പരിവര്‍ത്തനത്തിന് ഇരയാക്കുകയാണെന്നും ആരോപിച്ച് ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തുകയായിരുന്നു. ഇരുവര്‍ക്കുമെതിരെ നിര്‍ബന്ധിത പരിവര്‍ത്തനം, മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.