മെക്സിക്കോയിൽ അത്ഭുതം; മോഷ്ടിച്ച സക്രാരി തുറക്കാനാവാതെ കള്ളന്മാർ; വിശുദ്ധ കുർബാന അദ്ഭുതകരമായി രക്ഷപെട്ടു
മെക്സിക്കോ: മെക്സിക്കോയിലെ സിനലോവ പ്രവിശ്യയിലുള്ള ഗാഡലൂപ മാതാവിന്റെ നാമധേയത്തിലുള്ള ദേവാലയത്തിൽ നടന്ന മോഷണശ്രമം വിശ്വാസികൾക്കിടയിൽ അദ്ഭുതമായി മാറുന്നു. മെയ് 27 ന് ദേവാലയത്തിന്റെ അൾത്താരയിൽ നിന്ന് മോഷ്ടാക്കൾ കവർന്ന വിശുദ്ധ കുർബാന അടങ്ങിയ സക്രാരിയും തിരുശേഷിപ്പുകളും ദിവസങ്ങൾക്ക് ശേഷം പൂർണമായും സുരക്ഷിതമായി വീണ്ടെടുത്തു.
ആഹോ മുൻസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന ദേവാലയത്തിൽ നിന്നാണ് അക്രമികൾ സക്രാരി കവർന്നത്. സക്രാരി കൈക്കലാക്കിയ മോഷ്ടാക്കൾ ബലപ്രയോഗത്തിലൂടെ അത് തകർത്ത് ഉള്ളിലുള്ള വിശുദ്ധ വസ്തുക്കൾ എടുക്കാൻ പരമാവധി ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. ദൈവികമായ സംരക്ഷണം ഉണ്ടായതുപോലെ തിരുവോസ്തികൾക്കും മറ്റ് തിരുശേഷിപ്പുകൾക്കും യാതൊരു കേടുപാടും കൂടാതെ അത് വീണ്ടെടുക്കാൻ സാധിച്ചു എന്നത് വിശ്വാസികളെ അദ്ഭുതപ്പെടുത്തുകയാണ്.
സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി മെക്സിക്കൻ സുരക്ഷാ അധികാരികൾ അറിയിച്ചു. കവർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കത്തോലിക്കാ സഭയുടെ കാനോൻ നിയമപ്രകാരമുള്ള കടുത്ത അച്ചടക്ക നടപടികൾ ബിഷപ്പ് ജോസ് ഡേ ജീസസ് ഹെറേര ക്യൂനസ് പ്രഖ്യാപിച്ചു.
ദേവാലയത്തിൽ നടന്ന ഈ അക്രമണത്തിന് പരിഹാരമായി മെയ് 31 ന് ബിഷപ്പിന്റെ മുഖ്യകാർമികത്വത്തിൽ പ്രത്യേക പരിഹാരബലി അർപ്പിച്ചു. പരീക്ഷണഘട്ടത്തിൽ ഒപ്പം നിന്ന എല്ലാ വിശ്വാസികൾക്കും ഇടവക അധികൃതർ നന്ദി രേഖപ്പെടുത്തി. ദിവ്യകാരുണ്യത്തോടുള്ള സ്നേഹത്തിലും പ്രാർത്ഥനയിലും കൂടുതൽ ഐക്യത്തോടെ നിലകൊള്ളാൻ സഭാംഗങ്ങളോട് അധികൃതർ ആഹ്വാനം ചെയ്തു