പ്ലാസ്റ്റിക് കുപ്പി കൂട്ടിയിട്ടതിന് മന്ത്രി ശകാരിച്ചു; കെഎസ്ആർടിസി ബസിന് മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റും ഇല്ലെന്ന് കണ്ടെത്തൽ

കൊല്ലം: ആയൂരിൽ ഗതാഗത മന്ത്രികെ.ബി. ഗണേഷ് കുമാർ മിന്നൽ പരിശോധന നടത്തിയ കെഎസ്ആർടിസി ബസിന് മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഇല്ല. കഴിഞ്ഞ ദിവസം പ്ലാസ്റ്റിക്ക് കുപ്പി കൂട്ടിയിട്ടിരിക്കുന്നത് കണ്ട് മന്ത്രി ബസിന് പിന്നാലെയെത്തി തടഞ്ഞിരുന്നു.
ഈ വാഹനത്തിൻ്റെ പൊല്യൂഷൻ സർട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞതാണെന്ന് കണ്ടെത്തി. ഒരു മാസം പിന്നിട്ടിട്ടും ബസിൽ പുകമലിനീകരണ പരിശോധന നടത്തിയിട്ടില്ല.
പൊൻകുന്നം ഡിപ്പോയിലെ KL 15 A 0209 ബസ്സിലായിരുന്നു ഇന്നലെ മന്ത്രിയുടെ മിന്നൽ പരിശോധന. ബുധനാഴ്ച പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിനെ മന്ത്രി കെഎസ്ആർടിസി ജീവനക്കാരെ ശകാരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
കോട്ടയത്തു നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പൊൻകുന്നം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസാണ് മന്ത്രി തടഞ്ഞത്. വെള്ളം കുടിച്ച് കുപ്പി വലിച്ചെറിയാനുള്ള സ്ഥലമല്ല ബസിന്റെ മുൻവശമെന്നും സംഭവത്തിൽ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.