മിഥുന്റെ കുടുംബത്തിലെത്തി ആശ്വസിപ്പിച്ച് മന്ത്രി ചിഞ്ചുറാണി; മുന്‍ പ്രസ്താവനയില്‍ ഖേദം

 
1

കൊല്ലം: തേവലക്കര സ്‌കൂളില്‍ വെച്ച് ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥി മിഥുന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് മന്ത്രി ചിഞ്ചുറാണി. രാവിലെയാണ് മന്ത്രി മിഥുന്റെ വീട്ടിലെത്തിയത്. തുടര്‍ന്ന് മിഥുന്റെ അമ്മൂമ്മ അടക്കമുള്ളവരെ ആശ്വസിപ്പിച്ചു.

ഈ കുടുംബത്തിന്റെ ദുഃഖത്തില്‍ താനും പങ്കുചേരുകയാണ്. മിഥുന്റെ അമ്മ വിദേശത്താണ്. നാളെ എത്തുമെന്നാണ് അറിയുന്നത്. മിഥുന്റെ കുടുംബത്തിന് സര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നേരത്തെ നടത്തിയ പ്രസ്താവനയില്‍ മന്ത്രി ജെ ചിഞ്ചുറാണി ഖേദം പ്രകടിപ്പിച്ചു. ആ പ്രസ്താവന തെറ്റായിപ്പോയി. ഒഴിവാക്കാമായിരുന്നുവെന്നും ചിഞ്ചുറാണി പറഞ്ഞു.

താന്‍ ലഹരിക്കെതിരായ പരിപാടിയില്‍ സംബന്ധിക്കുകയായിരുന്നു. അതിനുശേഷമാണ് അപകടത്തെപ്പറ്റി അറിഞ്ഞത്. ആ സമയത്ത് നടത്തിയ പ്രതികരണം ആയിരുന്നു അതെന്നും മന്ത്രി ചിഞ്ചുറാണി വ്യക്തമാക്കി.

താന്‍ മിഥുന്റെ കുുടംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുകയാണ്. ആ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കാളിയാകുകയാണ്. സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

ആ റിപ്പോര്‍ട്ട് ലഭിച്ചശേഷം എന്തു നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കും. കെഎസ്ഇബിക്ക് വീഴ്ചയുണ്ടോ, സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടോ തുടങ്ങിയവയെല്ലാം പരിശോധിക്കും. ഈ സംഭവത്തില്‍ നടപടിയെടുക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി ചിഞ്ചുറാണി പറഞ്ഞു.

തേവലക്കരയില്‍ സ്കൂളില്‍ ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥിയെ പഴിച്ചും അധ്യാപകരെ തുണച്ചും മന്ത്രി ചിഞ്ചുറാണി നടത്തിയ പ്രസ്താവന വിവാദമായിരുന്നു. സഹപാഠികള്‍ പറഞ്ഞിട്ടും മിഥുന്‍ ഷീറ്റിന് മുകളില്‍ വലിഞ്ഞുകയറിയെന്ന് മന്ത്രി പറഞ്ഞു. ആ പയ്യനാ ചെരുപ്പെടുക്കാൻ ഷെഡിന്‍റെ മുകളില്‍ കയറി...

ചെരിപ്പെടുക്കാന്‍ പോയപ്പോള്‍ കാലൊന്ന് തെന്നി പെട്ടെന്ന് കേറി പിടിച്ചത് വലിയ കമ്പിയിലാണ്. ഇതിലാണ് കറണ്ട് കടന്നു വന്നത്. ആ കുഞ്ഞ് അപ്പോഴേ മരിച്ചു. അത് അധ്യാപകരുടെ കുഴപ്പമൊന്നുമല്ല. പക്ഷേ നമുക്ക് അധ്യാപകരെ പറയാൻ പറ്റില്ല. അവിടെ കയറരുതെന്ന് സഹപാഠികള്‍ പറഞ്ഞിട്ട് പോലും അവന്‍ അവിടെ കയറിയെന്ന് മന്ത്രി പറഞ്ഞു.

Tags

Share this story

From Around the Web