മിനിമം ബാലന്‍സ് പിഴ: അഞ്ചുവര്‍ഷം കൊണ്ട് ബാങ്കുകള്‍ ഈടാക്കിയത് കോടികള്‍

 
money

ന്യൂഡല്‍ഹി: സേവിങ്‌സ് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് തുക ഇല്ലാത്തതിന് അഞ്ചുവര്‍ഷം കൊണ്ട് ബാങ്കുകള്‍ ഈടാക്കിയത് കോടികള്‍. പൊതുമേഖല ബാങ്കുകള്‍ ഉപഭോക്താക്കളില്‍ നിന്ന് പിഴയായി ഈടാക്കിയത് 8,500 കോടി രൂപ.

2021-2022 മുതല്‍ 2024-2025 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലാണ് ഇത്രയും തുക പിഴ ഈടാക്കിയത്. പാര്‍ലമെന്റില്‍ ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച് കണക്ക് അവതരിപ്പിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2020 മാര്‍ച്ചില്‍ പിഴ ചുമത്തല്‍ നിര്‍ത്തിയിരുന്നു.

2020-2021, 2021-2022 വര്‍ഷങ്ങലില്‍ പിഴ ഈടാക്കാതിരുന്ന പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് തുടര്‍ന്നുള്ള മൂന്ന് വര്‍ഷവും പിഴ ഈടാക്കി. 2025-2026 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദം മുതല്‍ കനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവ മിനിമം ബാലന്‍സ് പിഴ ഈടാക്കുന്നത് അവസാനിപ്പിച്ചു.

അവശേഷിക്കുന്ന ബാങ്കുകളും പിഴ സംമ്പ്രദായം അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ പ്രത്യേകിച്ച് ഗ്രാമ, അര്‍ധനഗര പ്രദേശങ്ങളിലെ ഉപഭോക്താക്കളില്‍ നിന്ന് പിഴ ഈടാക്കുന്നതില്‍ നിന്ന് മാറ്റം വരുത്തണമെന്ന് കേന്ദ്രധനവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. കൂടാതെ അക്കൗണ്ട് തുടങ്ങുമ്പോള്‍ തന്നെ ഉപഭോക്താക്കളെ മിനിമം ബാലന്‍സ് സൂക്ഷിച്ചില്ലെങ്കില്‍ പിഴ ഈടാക്കുന്ന കാര്യം അറിയിക്കണമെന്ന് ആര്‍ബിഐ നിര്‍ദേശം നല്‍കിയിരുന്നു.

മിനിമം ബാലന്‍സ് വ്യവസ്ഥയില്‍ കാലാകാലങ്ങളില്‍ വരുത്തുന്ന മാറ്റവും അറിയിക്കണം. മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ ഒരു മാസത്തിനകം അക്കൗണ്ടില്‍ ആവശ്യത്തിന് തുക കരുതാന്‍ അവസരം നല്‍കണം. മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പേരില്‍ ചുമത്തുന്ന പിഴ അക്കൗണ്ട് നെഗറ്റീവ് ബാലന്‍സ് ആകാന്‍ ഇടയാക്കരുതെന്നും നിര്‍ദേശിച്ചിരുന്നു.

Tags

Share this story

From Around the Web