മൈക്കലാഞ്ചലോയുടെ കൈപ്പടയിൽ ടൈപ്പിംഗ്; വത്തിക്കാനും മൈക്രോസോഫ്റ്റും ചേർന്ന് പുതിയ ഡിജിറ്റൽ ഫോണ്ട് പുറത്തിറക്കി
സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ പ്രതിഷ്ഠാ വാർഷികത്തിന്റെ (നാനൂറാം വാർഷികം) ഭാഗമായി വത്തിക്കാനും മൈക്രോസോഫ്റ്റും ചേർന്ന് ‘മിഷേലാഞ്ചലസ്’ (Michelangelus) എന്ന പേരിൽ പുതിയ ഡിജിറ്റൽ ഫോണ്ട് പുറത്തിറക്കി. ലോകപ്രശസ്ത കലാകാരൻ മൈക്കലാഞ്ചലോയുടെ യഥാർഥ കൈപ്പടയെ ആസ്പദമാക്കിയാണ് ഈ ഫോണ്ട് രൂപകൽപന ചെയ്തിരിക്കുന്നത്.
മൈക്കലാഞ്ചലോ എഴുതിയ ആയിരക്കണക്കിന് കത്തുകളും കുറിപ്പുകളും രേഖാചിത്രങ്ങളും പരിശോധിച്ചാണ് ഇറ്റാലിയൻ ഡിസൈൻ സ്റ്റുഡിയോയായ ‘സ്റ്റുഡിയോ ഗുസ്‌തോ’ (Studio Gusto) ഈ ഫോണ്ട് തയ്യാറാക്കിയത്. മൈക്രോസോഫ്റ്റുമായി സഹകരിച്ച് പുറത്തിറക്കിയ ഈ ഫോണ്ട് ഉടൻതന്നെ മൈക്രോസോഫ്റ്റ് ഓഫീസ് പാക്കേജുകളിൽ ലഭ്യമാകും. ഇതോടെ ലോകമെമ്പാടുമുള്ള ആളുകൾക്ക് തങ്ങളുടെ കമ്പ്യൂട്ടറുകളിൽ മൈക്കലാഞ്ചലോയുടെ തനിമയുള്ള അക്ഷരങ്ങൾ ഉപയോഗിക്കാൻ സാധിക്കും.
1626 ൽ വി. പത്രോസിന്റെ ബസിലിക്ക പ്രതിഷ്ഠിക്കപ്പെട്ടതിന്റെ നാനൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഡിജിറ്റൽ നവീകരണമാണിത്. ബസിലിക്ക സന്ദർശിക്കാനെത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാൻ ‘സ്മാർട്ട് പാസ്’ (Smart Pass) എന്ന പേരിൽ പുതിയ ഓൺലൈൻ ബുക്കിംഗ് സംവിധാനവും വത്തിക്കാൻ ഏർപ്പെടുത്തിയിട്ടുണ്ട്. ബസിലിക്കയിൽ നടക്കുന്ന തിരുക്കർമ്മങ്ങൾ അറുപതോളം ഭാഷകളിൽ തത്സമയം കേൾക്കാൻ സാധിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത പ്ലാറ്റ്‌ഫോമും വിശ്വാസികൾക്കായി തുറന്നുകൊടുത്തു.