മെസ്സിയുടെ കേരള റോഡ് ഷോ; തലയിൽ ആൾ താമസമുള്ളവർ ഈ കണക്ക് അംഗീകരിക്കുമോ...? കേൾക്കുന്നവരെല്ലാവരും വിഡ്ഢികളാണ് എന്ന് ധരിക്കരുത് -തുറന്നടിച്ച് സന്ദീപ് വാര്യർ

 
sandeep

​കൊച്ചി: ലയണൽ മെസ്സിയുടെയും അർജന്റീന ടീമിന്റെയും കേരള സന്ദർശനമെന്ന പേരിൽ റിപ്പോർട്ടർ ടി.വി പുറത്തിറക്കിയ വീഡിയോ അവതരണത്തെ പൊളിച്ചടുക്കി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ലയണൽ മെസ്സിയുടെ കേരളത്തിലേക്ക് വരാനുള്ള സാധ്യത അവസാനിച്ചതായി കായിക മന്ത്രി ​വി. അബ്ദുർറഹ്മാൻ കഴിഞ്ഞ ദിവസം ​വ്യക്തമാക്കിയതിനു പിന്നാലെ, നടന്ന വാർത്താ സമ്മേളനത്തിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് എം.ഡി ആന്റോ അഗസ്റ്റിൽ ഇത് നിഷേധിച്ചു.

മെസ്സിയും സംഘവും കേരളത്തിലേക്ക് വരില്ലെന്ന് ഇതുവരെ അറിയിച്ചിട്ടില്ലെന്നായിരുന്നു വിശദീകരണം. ഇതിനു പിന്നാലെയാണ്, മെസ്സിയുടെ ടീമിന്റെ കേരളത്തിലെ യാത്ര ഉൾപ്പെടെ പദ്ധതികൾ വിശദീകരിച്ചുകൊണ്ട് ‘എ.വി-എ.ആർ അവതരണം നടത്തിയത്. ലോകകപ്പ് ഫുട്ബാൾ ഉദ്ഘാടന ചടങ്ങിന്റെ മാതൃകയിൽ ഒരുകോടി ആരാധകരെ പ​ങ്കെടുപ്പിച്ചുകൊണ്ട് നടത്തുമെന്ന് പ്രഖ്യാപിച്ച റോഡ് ഷോയുടെ അവതരണം കണക്കുകൾ നിരത്തി ഖണ്ഡിക്കുകയാണ് സന്ദീപ് വാര്യർ.

സന്ദീപ് വാര്യരുടെ പോസ്റ്റ് ഇങ്ങനെ...

50 കിലോമീറ്ററിൽ ദേശീയപാതയുടെ ഇരുവശത്തുമായി ഒരു കോടി അർജൻ്റീനിയൻ ആരാധകർ.

അതായത് ഒരു കിലോമീറ്ററിൽ 2 ലക്ഷം മനുഷ്യർ.

ദേശീയപാതയുടെ ഒരു സൈഡ് ഒഴിവാക്കി സർവീസ് റോഡ് രണ്ട് വശം അടക്കം എടുത്താൽ പരമാവധി വീതി 40 മീറ്റർ .

1000 മീറ്റർ ഗുണം 40 മീറ്റർ = 40000 സ്ക്വയർ മീറ്റർ

ഒരു മനുഷ്യന് തിരക്കിൽപെട്ട് അപകടം വരാതെ നിൽക്കാൻ ഏറ്റവും ചുരുങ്ങിയത് വേണ്ടത് അര സ്ക്വയർ മീറ്റർ .

എങ്കിൽ ഒരു കിലോമീറ്റർ സ്ഥലം പൂർണമായും വിനിയോഗിച്ചാൽ പോലും ഉൾക്കൊള്ളാൻ കഴിയുന്ന ആളുകളുടെ എണ്ണം 80000 മനുഷ്യർ . ( ഇത്രയും സ്ഥലം പൂർണമായും ലഭ്യമല്ല എന്നത് വേറെ കാര്യം) .

അങ്ങനെ ആണെങ്കിൽ പോലും അൻപത് കിലോമീറ്ററിൽ ഉൾകൊള്ളാവുന്ന പരമാവധി മനുഷ്യരുടെ എണ്ണം നാൽപ്പത് ലക്ഷം. ഇതിലും കൂടുതൽ മനുഷ്യരെ കുത്തിക്കൊള്ളിച്ചാൽ ദുരന്തമായിരിക്കും സംഭവിക്കുക.

ഇനി കേരളത്തിലെ ജന സംഖ്യ ഏകദേശം മൂന്നരക്കോടി. ഇതിൽ പുരുഷന്മാർ ഏതാണ്ട് ഒന്നരക്കോടി.

ഒന്നരക്കോടി മലയാളി പുരുഷന്മാരിൽ നിന്നും 90 ലക്ഷം അർജൻ്റീനിയൻ ആരാധകരെ ഉണ്ടാക്കേണ്ടി വരും. ബാക്കി പത്ത് ലക്ഷം സ്ത്രീ ആരാധകരെന്ന് വാദത്തിന് വേണ്ടി സമ്മതിക്കാം. ഒരു ലക്ഷം പോലും വരില്ലെങ്കിലും. തലയിൽ ആൾ താസമുള്ള ആരെങ്കിലും ഈ കണക്ക് അംഗീകരിക്കുമോ ?

ഇത്രയും കൂടുതൽ മനുഷ്യർ ഏതാണ്ട് 50 കിലോമീറ്റർ ദേശീയപാതയുടെ രണ്ടുവശത്തുമായി എത്തിച്ചേരണമെങ്കിൽ എത്ര വാഹനങ്ങൾ ഉപയോഗിക്കും ? ഇതൊക്കെ പോക്കറ്റ് റോഡുകളിൽ പാർക്ക് ചെയ്യും എന്ന് പറയുന്നതിലും വലിയ വിഡ്ഢിത്തം എന്താണുള്ളത്. ദിവസങ്ങൾ കഴിഞ്ഞാലും അഴിയാത്ത ഗതാഗതക്കുരുക്ക് സൃഷ്ടിക്കപ്പെടും. ഇത്രയും നേരം അൻപത് കിലോമീറ്ററിനുള്ളിൽ മെഡിക്കൽ എമർജൻസി വന്നാൽ അവർ എങ്ങനെ ആശുപത്രിയിൽ പോകും ? ചികിൽസ ലഭിക്കാതെ ആളുകൾ മരിച്ചാൽ ഉത്തരവാദിത്തം ആര് ഏറ്റെടുക്കും ?

ഓഗ്മെൻ്റ് റിയാലിറ്റിയിൽ കാണിച്ചാൽ പോരാ, ഗ്രൗണ്ട് റിയാലിറ്റി എന്നൊന്നുണ്ട്. കേൾക്കുന്ന മനുഷ്യരെല്ലാവരും വിഡ്ഢികളാണ് എന്ന് ധരിക്കരുത്. അത് കൊണ്ട് തള്ളിയ കണക്ക് കുറച്ച് കുറക്കണം..

Tags

Share this story

From Around the Web