മെസിയും സംഘവും കേരളത്തില്‍ എത്തും, കളിക്കും; ഔദ്യോഗിക തീയതി പ്രഖ്യാപിച്ച് അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ

കൊച്ചി: അർജന്റീനിയൻ ദേശീയ ടീം കേരളത്തിലേക്ക് വരുമെന്ന് സ്ഥിരീകരിച്ച് അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ. കേരളത്തിൽ കളിക്കുന്ന തീയതി എഎഫ്എ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
മാസങ്ങൾ നീണ്ട വിവാദങ്ങൾക്കൊടുവിലാണ് അർജന്റീന ടീമിൻ്റെ നിർണായക പ്രഖ്യാപനം. ആരാകും എതിരാളികള്‍ എന്ന് എഎഫ്ഐ പിന്നീട് അറിയിക്കും. നവംബർ മാസത്തിലാകും അർജന്റീന ടീം കേരളത്തില്‍ സൗഹൃദ മത്സരം കളിക്കുക. മെസിയും സംഘവും വരാൻ രണ്ടര മാസം മാത്രം ശേഷിക്കെ ഒരുക്കങ്ങൾ ഉടൻ തുടങ്ങും.
ലയണൽ സ്കലോണി നയിക്കുന്ന അർജന്റീനിയൻ ദേശീയ ടീമിന് 2025ലെ ശേഷിക്കുന്ന കാലയളവിൽ രണ്ട് ഫിഫ സൗഹൃദ മത്സരങ്ങൾ ഉണ്ടാകുമെന്നാണ് എഎഫ്ഐ അറിയിച്ചിരിക്കുന്നത്. ഒക്ടോബറിൽ ആറ് മുതൽ 14 വരെ നടക്കുന്ന ആദ്യ മത്സരം അമേരിക്കയിലാണ്.
എതിരാളികളെയും നഗരങ്ങളെയും പിന്നീട് തീരുമാനിക്കും. നവംബറിൽ 10 മുതൽ 18 വരെ നടക്കുന്ന ഫിഫ സൗഹൃദ മത്സരങ്ങളിൽ രണ്ടാമത്തേത് അംഗോളയിലെ ലുവാണ്ടയിലും കേരളത്തിലും നടക്കും. എതിരാളികളെ പിന്നീട് തീരുമാനിക്കുമെന്നും എഎഫ്ഐ അറിയിച്ചു.
2024 സെപ്റ്റംബർ ഇരുപത്തിനാലിനാണ് സംസ്ഥാന കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ എത്തുമെന്ന് പ്രഖ്യാപിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
പിന്നീട് അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി ചർച്ച നടത്തിയെന്നും അവർ സഹകരണ സന്നദ്ധത അറിയിച്ചതായും വ്യക്തമാക്കി. എന്നാല്‍, തുടർന്ന് പല ഘട്ടങ്ങളില്‍ മെസിയും സംഘവും കേരളത്തിലേക്ക് എത്തില്ലെന്ന തരത്തില്‍ വാർത്തകള്‍ വന്നു. ഫിഫ പുറത്ത് വിട്ട ഫുട്ബോൾ വിൻഡോയിലും കേരളം ഉണ്ടായിരുന്നില്ല.