മതനിന്ദാക്കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മാനസിക വെല്ലുവിളി നേരിടുന്ന ക്രൈസ്തവനെ 23 വര്‍ഷത്തിന് ശേഷം കുറ്റവിമുക്തനാക്കി
 

 
www

പാക്കിസ്ഥാനില്‍ മതനിന്ദാ കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 23 വര്‍ഷം ജയിലില്‍ കഴിഞ്ഞ ക്രൈസ്തവവിശ്വാസിയെ കുറ്റവിമുക്തനാക്കി പാക്ക് സുപ്രീം കോടതി വിധി. മാനസിരോഗിയായ ഒരാളെ അത്തരമൊരു കുറ്റകൃത്യത്തിന് ഉത്തരവാദിയാക്കാന്‍ കഴിയില്ലെന്ന് കോടതി വിധിച്ചതായി അന്‍വര്‍ കെന്നത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.

2001 ല്‍, മുഹമ്മദിനും ഖുര്‍ആനും എതിരെ ദൈവനിന്ദാപരമായ കത്തുകള്‍ എഴുതിയെന്ന് ആരോപിച്ചാണ് അന്‍വര്‍ കെന്നത്തിനെ അധികൃതര്‍ അറസ്റ്റ് ചെയ്തത്. 2002 ജൂലൈയില്‍, കുറ്റം സമ്മതിച്ചതിനെത്തുടര്‍ന്ന് ലാഹോറിലെ ഒരു കോടതി കെന്നത്തിന് വധശിക്ഷ വിധിച്ചു. 2014 ജൂണ്‍ 30 ന് ലാഹോര്‍ ഹൈക്കോടതി കെന്നത്തിന്റെ ശിക്ഷ ശരിവച്ചു.  

സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചാണ് ഇപ്പോള്‍  72 വയസ്സുള്ള അന്‍വര്‍ കെന്നത്തിനെ കുറ്റവിമുക്തനാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. മാനസിക വെല്ലുവിളി നേരിടുന്ന ഒരു വയോധികന്‍ രണ്ട് പതിറ്റാണ്ടിലേറെയായി  വിവിധ ജയിലുകളില്‍ കഴിയേണ്ടി വന്നു എന്നത് നിര്‍ഭാഗ്യകരമാണെന്ന് സുപ്രീം കോടതി അഭിഭാഷകന്‍ റാണ അബ്ദുള്‍ ഹമീദ് പറഞ്ഞു.

ഒരുപക്ഷേ സമാനമായ കേസുകളില്‍ അകപ്പെട്ട് ജയിലില്‍ കഴിയുന്ന മാനസിക വെല്ലുവിളി നേരിടുന്നവരുടെ ദുരവസ്ഥ എടുത്ത് കാണിക്കാന്‍ സുപ്രീം കോടതി വിധി സഹായിച്ചേക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖത്ം-ഇ-നബ്ബുവത്ത്  ലോയേഴ്സ് ഫോറം ഉള്‍പ്പെടെയുള്ള വിവിധ ഇസ്ലാമിക ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട അഭിഭാഷകരുടെ സമ്മര്‍ദ്ദം വകവയ്ക്കാതെ ശരിയായ തീരുമാനം എടുത്തതിന് സുപ്രീം കോടതി ജഡ്ജിമാരെ ഹമീദ് പ്രശംസിച്ചു.

രണ്ട് വര്‍ഷത്തെ നിരന്തര നിയമപോരാട്ടത്തിനും അഭിഭാഷകരുടെ അക്ഷീണമായ വാദത്തിനും ശേഷം, നീതി വിജയിച്ചതായി പാകിസ്ഥാന്‍ ന്യൂനപക്ഷ അവകാശ പ്രവര്‍ത്തകനായ ജോസഫ് ജാന്‍സെന്‍  ട്വീറ്റ് ചെയ്തു.

ലാഹോറിലെ പീസ് സെന്റര്‍ ഡയറക്ടര്‍ ഡൊമിനിക്കന്‍  വൈദികന്‍ ഫാ. ജെയിംസ് ചന്നന്‍ വിധിയെ സ്വാഗതം ചെയ്തു. മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കെതിരെ പോലും ദൈവദൂഷണ നിയമങ്ങള്‍ എങ്ങനെ ദുരുപയോഗം ചെയ്യപ്പെടുന്നു എന്നത് ശരിക്കും വളരെ സങ്കടകരവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു.

Tags

Share this story

From Around the Web