ദീപക്കിൻ്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് 'മെൻസ് കമ്മീഷൻ'; നീതി ഉറപ്പാക്കണമെന്ന് രാഹുൽ ഈശ്വർ
കോഴിക്കോട്: ബസിൽ വെച്ച് ലൈംഗിക അതിക്രമം കാണിച്ചെന്ന് പ്രചാരണത്തിന് പിന്നാലെ ജീവനൊടുക്കിയ യുവാവിൻ്റെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് മെൻസ് കമ്മീഷൻ. ദീപകിൻ്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ നൽകുമെന്നാണ് മെൻസ് കമ്മീഷൻ്റെ പ്രഖ്യാപനം. അതേസമയം, വിഷയത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയതായി രാഹുൽ ഈശ്വർ അറിയിച്ചു.
മരണത്തെ രാഷ്ട്രീയ-വർഗീയ വിഷയമാക്കരുതെന്നും ജീവനൊടുക്കിയത് പുരുഷൻ്റെ മനോവിഷമം മൂലമാണെന്നും രാഹുൽ ഈശ്വർ പറഞ്ഞു. പെൺകുട്ടിയുടെ കൂടെ നിൽക്കുന്നവർ വ്യാജ പ്രചരണം നടത്തുകയാണ്. റീച്ചിനും ലൈക്കിനും വേണ്ടിയാണ് ഒരാളെ കൊലയ്ക്ക് കൊടുത്തിരിക്കുന്നത്. നിയമം അനുവദിക്കുന്ന നീതി ദീപക്കിന് നൽകണമെന്നും രാഹുൽ ഈശ്വർ ഓൺലൈനായി നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അതേസമയം, ആരോപണം ഉന്നയിച്ച യുവതിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദീപകിൻ്റെ കുടുംബം ഉന്നയിച്ചു. വ്യക്തിഹത്യയെ തുടർന്നുള്ള മാനസിക സമ്മർദം കാരണമാണ് ദീപക് ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. നീതി കിട്ടും വരെ പോരാടുമെന്നും കുടുംബം വ്യക്തമാക്കി. മരണത്തിൽ മെഡിക്കൽ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.