തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സാ പ്രതിസന്ധി, ഡോ ഹാരിസിന്റെ പരാതി ഫലം കണ്ടു, ഹൈദരാബാദിൽ നിന്ന് വിമാന മാർഗം ഉപകരണങ്ങൾ എത്തി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോ ഹാരിസ് ഉയർത്തിയ ചികിത്സാ പ്രതിസന്ധിക്ക് ഫലം കണ്ടു. മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിച്ചതായാണ് വിവരം. ഇതോടെ ആശുപത്രിയിൽ മാറ്റിവച്ച ശസ്ത്രക്രിയകൾ തുടങ്ങി.
ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങൾ ആശുപത്രിയിൽ എത്തിച്ചു. ഹൈദരാബാദിൽ നിന്ന് വിമാന മാർഗം ഇന്ന് രാവിലെയാണ് ഉപകരണങ്ങൾ എത്തിച്ചത്. ഡോ ഹാരിസിൻ്റെ തുറന്നുപറച്ചിൽ ഒട്ടേറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രതിസന്ധികൾ സംബന്ധിച്ച് ഫേസ്ബുക്ക് കുറിപ്പിൽ പരാതിയുമായി യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കൽ രംഗത്തെത്തിയിരുന്നു.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയാ ഉപകരണങ്ങളില്ലാതെ ഗുരുതര പ്രതിസന്ധി നേരിടുന്നു. പാവപ്പെട്ട രോഗികൾക്ക് മുന്നിൽ നിസ്സഹായനായി നിൽക്കുന്ന താൻ ജോലി വയ്ക്കുന്ന കാര്യം ആലോചിക്കുന്നുവെന്നും ഡോക്ടർ കുറിപ്പിൽ പറഞ്ഞിരുന്നു.