അഫ്ഗാനിസ്ഥാനിൽ മാതൃമരണ നിരക്ക് ഉയരുന്നു; വന്ധ്യംകരണത്തിന് വിലക്കേർപ്പെടുത്തി താലിബാൻ
അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ ആരോഗ്യരംഗത്തെ കൂടുതൽ പ്രതിസന്ധിയിലാക്കി പുതിയ ഉത്തരവുമായി താലിബാൻ ഭരണകൂടം. രാജ്യത്ത് മാതൃമരണ നിരക്ക് ലോകത്ത് തന്നെ ഏറ്റവും ഉയർന്ന നിലയിൽ തുടരുമ്പോഴും, സ്ത്രീകൾ വന്ധ്യംകരണ ശസ്ത്രക്രിയകൾക്ക് വിധേയരാകുന്നത് താലിബാൻ നിരോധിച്ചു. ജനസംഖ്യാ വർദ്ധനവ് ലക്ഷ്യമിട്ടും മതപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയുമാണ് ഈ പുതിയ നിയന്ത്രണമെന്നാണ് റിപ്പോർട്ടുകൾ.
വടക്കുകിഴക്കൻ പ്രവിശ്യയായ ബദക്ഷാന്റെ തലസ്ഥാനമായ ഫൈസാബാദിലെ പ്രധാന ആശുപത്രികളിൽ ഉൾപ്പെടെ വന്ധ്യംകരണ ശസ്ത്രക്രിയകൾ ചെയ്യരുതെന്ന് ആരോഗ്യ പ്രവർത്തകർക്ക് നിർദ്ദേശം ലഭിച്ചു. “മുസ്ലിം തലമുറ വളരാൻ അനുവദിക്കൂ” എന്നാണ് താലിബാൻ പ്രതിനിധികൾ ആശുപത്രി ജീവനക്കാരോട് ആവശ്യപ്പെടുന്നതെന്ന് ഡോക്ടർമാർ വെളിപ്പെടുത്തുന്നു. വന്ധ്യംകരണം നടത്തുന്നത് ‘പാപമാണ്’ എന്ന നിലപാടാണ് അധികൃതർ സ്വീകരിക്കുന്നത്.
ഐക്യരാഷ്ട്രസഭയുടെയും ലോകാരോഗ്യ സംഘടനയുടെയും കണക്കുകൾ പ്രകാരം, അഫ്ഗാനിസ്ഥാനിൽ ഓരോ രണ്ട് മണിക്കൂറിലും ഒരു സ്ത്രീ വീതം പ്രസവ സംബന്ധമായ കാരണങ്ങളാൽ മരണപ്പെടുന്നുണ്ട്. താലിബാൻ അധികാരമേറ്റ ശേഷം അന്താരാഷ്ട്ര സഹായം കുറഞ്ഞതും മരുന്നുകളുടെ ക്ഷാമവും ആരോഗ്യരംഗത്തെ തകർത്തിരിക്കുകയാണ്. ‘മഹ്റം’ (രക്തബന്ധമുള്ള പുരുഷൻ) കൂടെയില്ലാതെ സ്ത്രീകൾ ആശുപത്രിയിൽ പോകുന്നത് തടയുന്നത് പലപ്പോഴും അടിയന്തര ചികിത്സ ലഭിക്കുന്നതിന് തടസ്സമാകുന്നു.
സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും തൊഴിലിനും സഞ്ചാര സ്വാതന്ത്ര്യത്തിനും വിലക്കേർപ്പെടുത്തിയതിന് പിന്നാലെ, സ്വന്തം ശരീരത്തെയും ആരോഗ്യത്തെയും കുറിച്ച് തീരുമാനമെടുക്കാനുള്ള അവകാശം കൂടി താലിബാൻ നിഷേധിക്കുകയാണെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. വന്ധ്യംകരണത്തിന് വിലക്കേർപ്പെടുത്തുന്നത് അഫ്ഗാനിസ്ഥാനിലെ ശിശു-മാതൃ മരണനിരക്ക് ഇനിയും ഉയർത്താൻ മാത്രമേ സഹായിക്കൂ എന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.