പൊലീസിൽ വൻ അഴിച്ചുപണി, സ്റ്റേഷൻ ഭരണം വീണ്ടും എസ്ഐമാർക്ക്, പഴയ സർക്കിൾ സംവിധാനം തിരിച്ചെത്തുന്നു
തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയുടെ ഘടനയിലും പ്രവർത്തനത്തിലും വൻ അഴിച്ചുപണിക്കൊരുങ്ങി പുതിയ യു.ഡി.എഫ് സർക്കാർ. നിലവിലുള്ള സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഒ) സംവിധാനം പൂർണ്ണമായി ഉടച്ചുവാർത്ത്, സ്റ്റേഷനുകളുടെ ഭരണം വീണ്ടും സബ് ഇൻസ്പെക്ടർമാർക്ക് (എസ്.ഐ) നൽകാനും പഴയ 'സർക്കിൾ ഇൻസ്പെക്ടർ' (സി.ഐ) രീതി തിരികെ കൊണ്ടുവരാനുമാണ് തീരുമാനം.
ഇതുസംബന്ധിച്ച വിശദമായ പദ്ധതി റിപ്പോർട്ട് സംസ്ഥാന ഡിജിപി റാവാഡ ചന്ദ്രശേഖർ തയ്യാറാക്കിക്കഴിഞ്ഞു. ഡിജിപി ഇന്ന് നിയുക്ത ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഈ റിപ്പോർട്ട് സമർപ്പിക്കും. പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെയുള്ള ആഭ്യന്തര വകുപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട പരിഷ്കാരങ്ങളിൽ ഒന്നാകും ഇത്.
പ്രതിവർഷം ആയിരത്തിൽ താഴെ മാത്രം എഫ്.ഐ.ആർ (FIR) രജിസ്റ്റർ ചെയ്യുന്ന 'ബി', 'സി' ക്ലാസ് സ്റ്റേഷനുകളുടെ ഭരണം ഇനി എസ്.ഐമാർക്കായിരിക്കും. വർഷത്തിൽ 3,000-ത്തിലധികം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്ന വലിയ പ്രധാന സ്റ്റേഷനുകളിൽ മാത്രം ഇൻസ്പെക്ടർമാർ എസ്.എച്ച്.ഒ ആയി തുടരും. പുതിയ പരിഷ്കാരം വരുന്നതോടെ പ്രധാന സ്റ്റേഷനുകൾ ഒഴികെ, സാധാരണ രണ്ട് സ്റ്റേഷനുകൾക്ക് ഒരു ഇൻസ്പെക്ടർ (സർക്കിൾ ഇൻസ്പെക്ടർ) എന്ന പഴയ മേൽനോട്ട സംവിധാനം നിലവിൽ വരും.
സ്റ്റേഷൻ ചുമതലകളിൽ നിന്ന് ഒഴിവാക്കപ്പെടുന്ന ഇൻസ്പെക്ടർമാരെ (സി.ഐ) സൈബർ സെൽ, പോക്സോ (POCSO) ഡിവിഷനുകൾ തുടങ്ങിയ പ്രത്യേക അന്വേഷണ വിഭാഗങ്ങളിലേക്ക് മാറ്റി നിയമിക്കും. മുൻ പിണറായി വിജയൻ സർക്കാരിന്റെ കാലത്താണ് സംസ്ഥാനത്തെ 480 പൊലീസ് സ്റ്റേഷനുകളിൽ എസ്.എച്ച്.ഒമാരായി ഇൻസ്പെക്ടർമാരെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ഈ സംവിധാനമാണ് പുതിയ സർക്കാർ വരുന്നതോടെ മാറുന്നത്.