കണ്ണൂരില്‍ വാടക വീട്ടില്‍ വന്‍ സ്‌ഫോടനം, ചിന്നിച്ചിതറി ശരീരാവശിഷ്ടങ്ങള്‍

 
bomb

കണ്ണുര്‍: കണ്ണപുരം കീഴറയില്‍ വന്‍ സ്‌ഫോടനം. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു പൊട്ടിത്തെറി. കീഴറ ഗോവിന്ദന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വാടക വീട്ടിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ ഒരാള്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

സ്‌ഫോടനം നടന്ന വീടിന് സമീപം ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. പയ്യന്നൂരില്‍ സ്‌പെയര്‍ പാര്‍ട്‌സ് കട നടത്തുന്നവരാണ് വീട്ടില്‍ താമസിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. പടക്ക നിര്‍മാണത്തിനിടെ ഉണ്ടായ അപകടമാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ബോംബ് നിര്‍മാണം സംബന്ധിച്ച സാധ്യതകളും പരിശോധിക്കുന്നുണ്ട്. അപകടവിവരമറിഞ്ഞ് കണ്ണപുരം പോലീസും തളിപ്പറമ്പില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്തെത്തി.

പ്രാഥമിക പരിശോധനയില്‍ പൊട്ടാത്ത നിലയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകള്‍ക്കും നാശനഷ്ടങ്ങളുണ്ടായി. നിരവധി വീടുകളുടെ വാതിലുകള്‍ തകരുകയും ചുമരുകളില്‍ വിള്ളലുകള്‍ വീഴുകയും ചെയ്തിട്ടുണ്ട്

Tags

Share this story

From Around the Web