അഗളിയിൽ വന്‍ കഞ്ചാവ് വേട്ട; 60 സെന്‍റിലെ 10,000ലധികം കഞ്ചാവ് ചെടികള്‍ നശിപ്പിച്ച് പൊലീസ്

പാലക്കാട്: അഗളിയിൽ വൻ കഞ്ചാവ് വേട്ട.പതിനായിരത്തോളം കഞ്ചാവ് ചെടികൾ പൊലീസ് നശിപ്പിച്ചു.സത്യക്കല്ലുമലയിൽ 60 സെൻറ് സ്ഥലത്താണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്. കഞ്ചാവ് നട്ടുപിടിപ്പിച്ചവരെകുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
അഗളി സബ് ഡിവിഷനിൽ പുതു പൊലീസ് സ്റ്റേഷൻ പരിധിയിൽ സത്യക്കല്ലുമലയുടെ താഴ്വാരത്താണ് ഏകദേശം 60 സെന്റ് സ്ഥലത്ത് മൂന്നുമാസം പ്രായമായിട്ടുള്ള പതിനായിരത്തോളം കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചത്. കേരള തീവ്രവാദ വിരുദ്ധ സേനയും (ATS) പാലക്കാട് ജില്ല ലഹരി വിരുദ്ധ സേനയും പുതുർ പൊലീസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.
കാട്ടിലൂടെ ഏകദേശം അഞ്ച് മണിക്കൂറോളം യാത്ര ചെയ്താണ് പൊലീസ് കഞ്ചാവ് തോട്ടത്തില്‍ എത്തിച്ചേർന്നത്. അട്ടപ്പാടിയിൽ വാണിജ്യാടിസ്ഥാനത്തിൽ വൻതോതിൽ കഞ്ചാവ് കൃഷി നടത്തുന്നുണ്ടെന്ന് എടിഎസ് ഡിഐജി പുട്ടാ വിമലാദിത്യന് വിവരം ലഭിച്ചിരുന്നു.
തുടര്‍ന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത് കുമാറിന് ഈ വിവരം കൈമാറുകയായിരുന്നു. കൃഷി ചെയ്യുന്നവരെ കുറിച്ചും, വില്പന നടത്തുന്നവരെക്കുറിച്ചും അന്വേഷിച്ചു വരുകയാണെന്ന് പൊലീസ് അറിയിച്ചു. അടുത്തിടെ കേരള പൊലീസിന്റെ നടത്തിയ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. വരും ദിവസങ്ങളിൽ ഇത്തരത്തിലുള്ള കൂടുതൽ പരിശോധനകൾ തുടരുമെന്നും പൊലീസ് അറിയിച്ചു.