​മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ നിന്ന് കോംഗോ അതിർത്തിയിലേക്ക് മുപ്പതിനായിരത്തോളം പേരുടെ കൂട്ടപലായനം

 
sudan 11111111111111

സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ (CAR) സെമിയോ മേഖലയിൽ സായുധസംഘങ്ങൾ തമ്മിലുള്ള പോരാട്ടം രൂക്ഷമായതോടെ മുപ്പതിനായിരത്തിലധികം ആളുകൾ പലായനം ചെയ്തതായി റിപ്പോർട്ട്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുമായുള്ള അതിർത്തിപ്രദേശങ്ങളിൽ അഭയം പ്രാപിച്ച ഇവരുടെ അവസ്ഥ അതീവ ഗുരുതരമാണെന്ന് ബംഗാസുവിലെ ബിഷപ്പ് ഓറേലിയോ ഗസേര അറിയിച്ചു.

​ഏകദേശം രണ്ടായിരത്തോളം പേർ കത്തോലിക്കാ മിഷനുകളിലും അതിർത്തി ഗ്രാമങ്ങളിലുമായി കൊടും ദാരിദ്ര്യത്തിലാണ് കഴിയുന്നത്. ഇവർക്ക് ഭക്ഷണവും മരുന്നും ഉൾപ്പെടെയുള്ള പ്രാഥമിക ആവശ്യങ്ങൾ പോലും ലഭ്യമല്ല. ​സംഘർഷത്തെത്തുടർന്ന് സെമിയോ മേഖലയിലെ സ്കൂളുകൾ അടച്ചുപൂട്ടി. കഴിഞ്ഞ വർഷം ആയിരത്തോളം വിദ്യാർഥികൾ പഠിച്ചിരുന്ന സ്കൂളുകളിൽ നിലവിൽ ആരും എത്തുന്നില്ല. കുട്ടികൾക്ക് വിദ്യാഭ്യാസം പൂർണ്ണമായും നിഷേധിക്കപ്പെട്ട അവസ്ഥയിലാണ്.

അതേസമയം, സൈനികരെ തിരഞ്ഞ് മിലിഷ്യ ഗ്രൂപ്പുകൾ ആശുപത്രികൾ ആക്രമിക്കുന്നതായും ബിഷപ്പ് പറഞ്ഞു. ഇതോടെ പരിക്കേറ്റവർക്കും രോഗികൾക്കും ചികിത്സ തേടാൻ പോലും ഭയമാണ്. ​പ്രതിസന്ധിമേഖലയിലെ തകർന്ന റോഡുകളും സുരക്ഷാഭീഷണിയുമാണ് സഹായമെത്തിക്കുന്നതിന് പ്രധാന തടസ്സം. 300 കിലോമീറ്റർ ദൂരമുള്ള പാത പിന്നിടാൻ മോശം റോഡ് കാരണം 17 മണിക്കൂറിലധികം സമയം വേണ്ടിവരുന്നു. ഇതിനിടയിൽ സന്നദ്ധപ്രവർത്തകർ ആക്രമിക്കപ്പെടുന്നതും സ്ഥിതി സങ്കീർണ്ണമാക്കുന്നു.

​ലോർഡ്‌സ് റെസിസ്റ്റൻസ് ആർമി (LRA), സെലേക്ക (Seleka) തുടങ്ങി 15 വർഷമായി മേഖലയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന വിവിധ സായുധസംഘങ്ങളാണ് നിലവിലെ പ്രതിസന്ധിക്കു കാരണം. സൈനിക നടപടികൾക്കപ്പുറം പ്രശ്നത്തിന്റെ മൂലകാരണങ്ങൾ കണ്ടെത്തി പരിഹരിക്കാൻ അന്താരാഷ്ട്രസമൂഹം ഇടപെടണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.

Tags

Share this story

From Around the Web