ചൈനയിൽ ക്രൈസ്തവ സഭാനേതാക്കൾ കൂട്ടത്തോടെ അറസ്റ്റിൽ
ബെയ്ജിങ്: ചൈനയിൽ ക്രൈസ്തവ സഭാനേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്‌തതായി റിപ്പോർട്ട്. ചൊവ്വാഴ്ച ചെങ്ഡുവിലെ സഭാ നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടത്തിയതിന് പിന്നാലെ ഒൻപതുപേരെ പോലീസ് അറസ്റ്റ്ചെയ്തുവെന്ന് ചൈനയിലെ ‘ഏർലി റെയ്ൻ കവന്റ് ചർച്ച്’ എന്ന പ്രൊട്ടസ്റ്റന്റ് സഭ ആരോപിക്കുന്നു. ഇവരിൽ അഞ്ചുപേരെ പിന്നീട് ബുധനാഴ്ച വിട്ടയച്ചു.
ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിന് പുറത്ത് പ്രവർത്തിക്കുന്ന ക്രൈസ്തവ സഭകൾ കേന്ദ്രീകരിച്ച് അടുത്തിടെ പരിശോധന ശക്തമാക്കിയിരുന്നു. ഇതിൻ്റെ ഭാഗമായാണ് രജിസ്റ്റർ ചെയ്യാത്ത ക്രൈസ്തവ സഭാംഗങ്ങളെ അറസ്റ്റ് ചെയ്‌തതെന്നാണ് അന്താരാഷ്ട്ര വാർത്താ ഏജൻസികളുടെ റിപ്പോർട്ട്.
ഇതേസമയംതന്നെ വെൻഷൗവിലെ ക്രൈസ്‌തവ സഭയുടെ ആരാധനാലയം ഉൾപ്പെടുന്ന കെട്ടിടം പൊളിക്കാനുള്ള നടപടികൾ ആരംഭിച്ചതായും ബിബിസി റിപ്പോർട്ട്ചെയ്തു. സർക്കാർ നിയന്ത്രണത്തിന് പുറത്ത് പ്രവർത്തിക്കുന്ന മതസംഘടനകൾക്കെതിരേ ചൈനീസ് സർക്കാർ സ്വീകരിക്കുന്ന കർശന നടപടികളുടെ ഭാഗമായാണിതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
ചൈനയിൽ 44 ദശലക്ഷത്തിലധികം ക്രൈസ്തവവിശ്വാസികൾ സർക്കാർ അംഗീകൃത സഭകളിലായി രജിസ്റ്റർചെയ്തിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗവും പ്രൊട്ടസ്റ്റന്റുകാരാണ്. അതേസമയം, പതിനായിരക്കണക്കിന് വിശ്വാസികൾ, സർക്കാരിന്റെ അംഗീകാരം നേടാത്ത സഭകളിലുമുണ്ട്. ഇവർ വീടുകളിലും മറ്റും രഹസ്യമായി ഒത്തുകൂടാറുണ്ടെന്നാണ് സർക്കാർ പറയുന്നത്.